'മിണ്ടാതെ ... ഉരിയാടാതെ', മലബാറിൽ അവരിപ്പോൾ വരും! ഓണപ്പൊട്ടൻമാർ ..

By Web TeamFirst Published Sep 11, 2019, 12:58 PM IST
Highlights

ചെമ്പട്ടണിഞ്ഞ് കുടമണി കിലുക്കിയുള്ള ഓണപ്പൊട്ടന്മാരുടെ ഓട്ടമാണ് മലബാറിലെ നാട്ടുവഴികളിലൊക്കെയും.

കോഴിക്കോട്: വടക്കൻ മലബാറിൽ മാവേലിയെന്നാൽ ഓണപ്പൊട്ടനാണ്. ചെമ്പട്ടണിഞ്ഞ് കുടമണി കിലുക്കിയുള്ള ഓണപ്പൊട്ടന്മാരുടെ ഓട്ടമാണ് നാട്ടുവഴികളിലൊക്കെയും. ഒന്നും ഉരിയാടാതെ വീടുകൾ കയറി അനുഗ്രഹം നൽകുകയാണ് തിരുവോണ നാളിൽ ഓണപ്പൊട്ടൻമാർ.

ഉത്രാടനാളിൽ ഓണപ്പൊട്ടന്‍റെ കുടമണിക്കിലുക്കം കേൾക്കുന്നതോടെ തുടങ്ങുകയായി വടക്കൻ മലബാറുകാരുടെ ഓണാഘോഷം. കപ്പടാ മീശ, കുടവയർ, തിളങ്ങുന്ന കിരീടം.. ഓണാഘോഷങ്ങളിലെ പതിവ് രൂപമല്ല കടത്തനാടിന്‍റെ മനസ്സിലെ മാവേലി. ചുവപ്പുടുത്ത്‌, കിരീടം ചൂടി, മുഖത്തു ചായം തേച്ച്, നീളൻ മുടിയും താടിയും അണി ഞ്ഞ് ഓരോ വീട്ടിലുമെത്തി പ്രജകളെ കണ്ട് ഒന്നും ഉരിയാടാതെ അനുഗ്രഹം ചൊരിഞ്ഞ്, ഒരിടത്തും നിൽക്കാതെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഓണപ്പൊട്ടനാണ് ഇവിടെ മാവേലിത്തമ്പുരാൻ. ചിലർ അവരെ ഓണേശ്വരൻ എന്ന് വിളിക്കും.

പ്രജകളെ കണ്ടാൽ ഒന്നും  മിണ്ടരുതെന്നൊരു ഉപാധി വച്ചിരുന്നത്രേ വാമനൻ. ഇതാണ് ഓണപ്പൊട്ടന് പിന്നിലെ ഐതിഹ്യം.

മലയ സമുദായത്തിൽപ്പെട്ടവരാണു പരമ്പരാഗതമായി ആചാരമായി ഓണപ്പൊട്ടന്‍റെ വേഷം കെട്ടുന്നത്. അരി നിറച്ച നാഴിയും കത്തിച്ച നിലവിളക്കുമായി ഓണപ്പൊട്ടനെ വരവേൽക്കാൻ ഓരോ വീട്ടുകാരും ഒരുങ്ങിയിട്ടുണ്ടാവും. നാഴിയിൽ നിന്ന് അല്പം അരിയെടുത്തു പൂവും ചേർത്ത് ചൊരിഞ്ഞ് അനുഗ്രഹിക്കും. അരിയും പണവും ദക്ഷിണയായി സ്വീകരിച്ച് അടുത്ത വീട്ടിലേക്ക്.

click me!