
തിരുവനന്തപുരം: കിളിമാനൂർ വെള്ളല്ലൂർ ഊന്നൻകല്ല് ബ്രദേഴ്സ് സംഘടിപ്പിച്ച ടാപ്പർ വേടന്‍റെ പരിപാടി മുടങ്ങിയതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരെയടക്കം ചെളിവാരി എറിഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ. 25 പേർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ആറ്റിങ്ങൽ ഇളമ്പ മുദാക്കൽ സ്വദേശി അരവിന്ദി (25)നെയാണ് നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഊന്നൻകല്ല് വയലിൽ സജ്ജമാക്കിയ സ്റ്റേജിൽ വൈകിട്ട് 4.30ഓടെ വേടൻ എത്തി സ്റ്റേജും സൗണ്ട് സിസ്റ്റവും പരിശോധിച്ച് വിശ്രമസ്ഥലത്തേക്ക് മടങ്ങിയിരുന്നു. പിന്നാലെയാണ് ഇവിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ച വിവരം അറിയുന്നത്. ഈ സാഹചര്യത്തിൽ പാടാൻ മനോവിഷമമുണ്ടെന്നും മറ്റൊരു ദിവസം ഈ നാടിന് വേണ്ടി പാടാമെന്നും വേടൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
പരിപാടി മുടങ്ങിയ വിവരം രാത്രിയോടെ ഭാരവാഹികൾ മൈക്കിലൂടെ പ്രേക്ഷകരെ അറിയിച്ചതോടെ പരിപാടി കാണാൻ എത്തിയവർ പ്രതിഷേധിച്ചത്. രോഷാകുലരായ ആരാധകർ കാണികൾക്ക് നേരെയും സ്റ്റേജിലേക്കുമടക്കം ചെളിവാരിയെറിയാൻ തുടങ്ങി. പൊലീസിന് നേരെയും ചെളിവാരിയെറിഞ്ഞു. ചെളിക്കൊപ്പം കല്ലേറും തുടങ്ങിയതോടെ പൊലീസുകാരടക്കം സ്ഥലത്ത് നിന്നും മാറി. ചെളിവാരിയേറ് ശക്തമായതോടെ സംഘാടകർ ഇടപെട്ടു.
ആളുകൾ ഭൂരിഭാഗവും പിരിഞ്ഞുപോയി. ആയിരക്കണക്കിന് ജനങ്ങളെത്തിയ പരിപാടിയിൽ ഇത്തരത്തിൽ പ്രതിഷേധം കടുത്തിരുന്നെങ്കിൽ വലിയ ദുരന്തത്തിലേക്കും നീങ്ങുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സൗണ്ട് സിസ്റ്റത്തിനും എൽഇഡി വാളിനുമടക്കം ചെളിയേറിൽ തകരാറുണ്ടായതോടെയാണ് പരാതിയെത്തിയത്. അരവിന്ദിനെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു. ദൃശ്യങ്ങൾ പരിശോധിച്ച് വരും ദിവസങ്ങളിൽ മറ്റുള്ളവരെയും പിടികൂടാനാണ് പൊലീസ് നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam