Latest Videos

കെഎസ്ആർടിസി ബസിടിച്ച് ബസ് ഷെൽട്ടൽ തകർന്നു: മേൽക്കൂര ദേഹത്ത് വീണു പരിക്കേറ്റയാൾ മരിച്ചു

By Web TeamFirst Published Nov 3, 2021, 3:20 PM IST
Highlights

പാങ്കാവില്‍ നിന്ന് നെടുമങ്ങാടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സ് കൊടുംവളവ് തിരി‍ഞ്ഞ് ബസ്റ്റ്സ്റ്റോപ്പില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

തിരുവനന്തപുരം: ആര്യനാട്ട് കെഎസ്ആര്‍ടിസി ബസ്സിടിച്ച് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാൾ മരിച്ചു. അപകടത്തിൽ അഞ്ച് വിദ്യാര്‍ത്ഥികൾക്കും പരിക്കേറ്റു. ആര്യനാട് സ്വദേശി സോമൻ നായരാണ് മരിച്ചത്. 65 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് ഉച്ചയ്ക്ക് രണ്ടരയോടെ മരണം സംഭവിച്ചത്. അതേസമയം അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളുടെയാരും പരിക്ക് ഗുരുതരമല്ല. ഇവരെല്ലാം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ്. 

ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടമുണ്ടായത്. ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചലിലെ കൊടുംവളവിലായിരുന്നു അപകടം. പാങ്കാവില്‍ നിന്ന് നെടുമങ്ങാടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സ് കൊടുംവളവ് തിരി‍ഞ്ഞ് ബസ്റ്റ്സ്റ്റോപ്പില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസ്സിന്‍റെ ഒരു ഭാഗം ബസ്സ് ഷെല്‍ട്ടറിന്‍റെ തൂണിലിടിക്കുകയും ബസ്ഷെല്‍ട്ടര്‍ പൂര്‍ണമായി നിലംപൊത്തുകയുമായിരുന്നു. ബസ് കാത്തുനിൽക്കുകയായിരുന്ന അഞ്ച് കുട്ടികളും സോമൻ നായരും നിലംപതിച്ച കോണ്‍ക്രീറ്റ് സ്ലാബിനടയില്‍പ്പെടുകയായിരുന്നു. 

അപകടത്തിൽപ്പെട്ട ഒരു കോളേജ് വിദ്യാര്‍ത്ഥിയും നാല് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സോമൻ നായരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടന്നയുടൻ നാട്ടുകാർ കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തിയതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. കാലപ്പഴക്കമുള്ളതിനാല്‍ ബസ് സ്റ്റോപ്പ് പൊളിച്ച് മാറ്റണമെന്ന് പല തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായി ആര്യനാട് പഞ്ചായത്തംഗം ആരോപിക്കുന്നു. ബസ് സ്റ്റോപ്പില്‍ നിര്‍ത്താനായി കുറഞ്ഞ വേഗത്തിലാണ് ബസ് വന്ന് ബസ് ഷെൽട്ടറിലിടിച്ചത്. ഇതിനാൽ ബസിലെ മറ്റു യാത്രക്കാർക്ക് ആർക്കും പരിക്കേറ്റില്ല. 

 

click me!