
പാലക്കാട്: മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മുട്ടിക്കുളങ്ങര സ്വദേശി സജിയാണ് അറസ്റ്റിലായത്. മരിച്ച പൊലീസുകാരുടെ മൃതദേഹം മാറ്റാൻ മുഖ്യപ്രതിയെ സഹായിച്ചത് സജിയാണെന്ന് പൊലീസ് പറഞ്ഞു. പന്നിയെ കൊല്ലാൻ വൈദ്യുതി കെണി വച്ച പ്രദേശവാസിയായ വർക്കാട് സ്വദേശി സുരേഷ് നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളുടെ വീടിന് സമീപത്ത് വച്ചാണ് ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവർ ഷോക്കേറ്റ് മരിച്ചത്. എന്നാൽ മൃതദേഹം ക്യാമ്പിന് സമീപത്തെ വയലിലാണ് കണ്ടെത്തിയത്. മൃതദേഹം വയലിൽ കൊണ്ടിടാൻ ഇപ്പോൾ അറസ്റ്റിലായ സജി സഹായിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
സുരേഷിന്റെ വീടിന്റെ മതിലിനോട് ചേർന്നാണ് പന്നിക്കെണി വച്ചിരുന്നത്. രാത്രിയിൽ കെണിയിലേക്ക് കറന്റ് കണക്ഷനും കൊടുത്തു. രാത്രിയിൽ ഇതുവഴിവന്നപ്പോഴാണ് പൊലീസുകാർക്ക് ഷോക്കേറ്റത്. പുലർച്ചെ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയതോടെ സുരേഷ് സജിയുടെ സഹായത്തോടെ മൃതദേഹം പാടത്ത് കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. വീട്ടിലുള്ള കൈവണ്ടിയിൽ കയറ്റിയാണ് ഒരാളുടെ മൃതദേഹം വയലിലേക്ക് കൊണ്ടുപോയിട്ടത്. രണ്ടാമത്തെയാളുടെ മൃതദേഹം ചുമന്ന് കൊണ്ടുപോയും വയലിൽ ഉപേക്ഷിച്ചു.