നയതന്ത്ര കള്ളക്കടത്ത്: ഒരാൾ കൂടി അറസ്റ്റിൽ, പിടിയിലായത് ഫൈസൽ ഫരീദിന്റെ അടുത്ത കൂട്ടാളി

By Web TeamFirst Published Jun 9, 2021, 1:25 PM IST
Highlights

ദുബെയിൽ നിന്ന്  എത്തിയ മൻസൂറിനെ ഭീകരബന്ധം അന്വേഷിക്കുന്ന എൻഐഎ സംഘമാണ് നെടുമ്പാശ്ശേരിയിൽ വെച്ച് അറസ്റ്റ് ചെയ്തത്.

കൊച്ചി: നയതന്ത്ര കള്ളക്കടത്ത് കേസിൽ ദുബൈ റാക്കറ്റിലെ സുപ്രധാന കണ്ണി കൊച്ചിയിൽ പിടിയിൽ. തിരുവമ്പാടി സ്വദേശി മുഹമ്മദ് മൻസൂറാണ് പിടിയിലായത്. ദുബെയിൽ നിന്ന് എത്തിയ മൻസൂറിനെ ഭീകരബന്ധം അന്വേഷിക്കുന്ന എൻഐഎ സംഘമാണ് നെടുമ്പാശ്ശേരിയിൽ വെച്ച് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതികളിൽ ഒരാളായ ഫൈസൽ ഫരീദിന്റെ അടുത്ത കൂട്ടാളിയാണ് ഇയാൾ. സ്വർണം നയതന്ത്ര ബാഗിൽ ഒളിപ്പിക്കുന്നത് മൻസൂറിന്റെ നേതൃത്വത്തിലായിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. 

നയതന്ത്ര കള്ളക്കടത്ത് കേസില്‍ മുഹമ്മദ് മന്‍സൂറിനെതിരെ നേരത്തെ കോടതി ജാമ്യമില്ലാവാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ഈ വാറന്‍റിന്‍റെ അടിസ്ഥാനത്തില്‍ ദുബൈയില്‍ നിന്ന് മന്‍സൂറിനെ നാടുകടത്തുകയായിരുന്നുവെന്നാണ് വിവരം. രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ കാത്ത് നിന്ന എന്‍ഐഎ സംഘം കസ്റ്റഡിയെലടുത്തു. കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.

കള്ളക്കടത്ത് റാക്കറ്റിലെ ദുബൈയിലെ പ്രധാനിയായ ഫൈസല്  ഫരീദിന്‍റെ പങ്കാളിയാണ്  മന്‍സൂര്‍. ഇയാളുടെ പങ്കിനെക്കുറിച്ച് അന്വേഷണ സംഘങ്ങള്‍ക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. കള്ളക്കടത്ത് സ്വര്‍ണം ഇലക്ട്രിക്ക് ഉപകരണങ്ങളില്‍ ഒളിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇതിന് ശേഷമാണ് നയതന്ത്ര ബാഗില്‍ കയറ്റുന്നത്. ഇത്തരത്തിൽ സ്വര്‍ണം ഒളിപ്പിച്ചിരുന്നത് മന്‍സൂറിന്‍റെ നേതൃത്വത്തിലായിരുന്നു. മുമ്പും സ്വര്‍ണക്കള്ളക്കടത്ത് കേസില്‍  ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

2018 ല്‍ കൊടുവള്ളിയിലെ കുളപ്പൊയിലില്‍  കസ്റ്റംസ് പിടികൂടിയ സ്വര്‍ണക്കടത്ത് കേസിലും മന്‍സൂറിന് പങ്കുണ്ടായിരുന്നു. നയതന്ത്ര കള്ളക്കടത്തിന് പിന്നിലെ ഭീകരബന്ധം അന്വേഷിക്കുന്ന എൻഐ എ 20 പ്രതികള്‍ക്കെതിരെ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. പ്രതികള്‍ ഭീകര സംഘം രൂപീകരിച്ച് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ പ്രതികള്‍ ഏതെങ്കിലും ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കുറ്റപത്രത്തിലില്ല. തുടരന്വേഷണത്തില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍ ഐ എയുടെ വാദം. 

 

click me!