നടിയുടെ മൊഴി വിശ്വാസത്തിലെടുക്കാതെയാണ് വിചാരണക്കോടതിയുടെ വിലയിരുത്തൽ. ദിലീപിന് നടിയോട് വൈരാഗ്യമുണ്ടെന്ന് തെളിയിക്കാൻ തെളിവില്ലെന്നും ഇതിന് സാക്ഷികളില്ലെന്നും കോടതി വിധിന്യായത്തിൽ പറയുന്നു. 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപ് ഭീഷണിപ്പെടുത്തിയെന്ന നടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് വിചാരണക്കോടതിയുടെ വിലയിരുത്തൽ. കാവ്യയുമായി ദിലീപിന് ബന്ധം ഉണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജു വാര്യരോട് അത് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടെന്നായിരുന്നു നടിയുടെ മൊഴി. തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും മൊഴിയിലുണ്ടായിരുന്നു. എന്നാൽ ഇതിന് സാക്ഷികളില്ലെന്നും ഇതേക്കുറിച്ച് നടി ആരോടും പറഞ്ഞതായി തെളിവില്ലെന്നും കോടതി വിധിയിൽ പറയുന്നു.

2012ൽ കൊച്ചിയിൽ വെച്ച് യൂറോപ്യൻ യാത്രക്കുള്ള റിഹേഴ്സലുണ്ടായിരുന്നു. ഇതിൽ ​ദിലീപും ആക്രമിക്കപ്പെട്ട നടിയുമായിരുന്നു ലീഡിം​ഗ് റോളുകൾ ചെയ്തിരുന്നത്. ഈ സമയത്ത് തന്നോടുള്ള വിരോധം മൂലം ദിലീപ് ഒന്നും സംസാരിച്ചിരുന്നില്ലെന്ന് നടിയുടെ മൊഴിയിലുണ്ട്. എന്നാൽ രണ്ടുപേരും തമ്മിൽ സംസാരിച്ചില്ലെന്ന് എങ്ങനെ വിശ്വാസയോ​ഗ്യമാവുമെന്നാണ് കോടതി ചോദിക്കുന്നത്. സ്റ്റേജ് ഷോക്കിടെ മാത്രമാണ് ദിലീപ് സംസാരിച്ചതെന്ന് നടി മൊഴി നൽകിയിട്ടുണ്ട്. തൻ്റെ അടുത്ത് വന്ന് തറയിലിരുന്ന ദിലീപ്, എന്തിനാണ് മഞ്ജുവിനോട് കാവ്യയുമായുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞതെന്നും അത് തിരുത്തിപ്പറയണമെന്നും ആവശ്യപ്പെട്ടു. ആ സമയത്ത് മഞ്ജു തെളിവുകളുമായാണ് തൻ്റെയടുത്ത് വന്നതെന്നും അതെങ്ങെനെ താൻ നിരാകരിക്കുമെന്നും നടി ചോദിക്കുന്നു. താൻ വിചാരിക്കുന്നവർ മാത്രമേ മലയാളസിനിമയിൽ നിന്നിട്ടുള്ളൂവെന്ന് ദിലീപ് ഭീഷണിപ്പെടുത്തിയെന്നും നടി മൊഴി നൽകി. എന്നാൽ ദിലീപിൻ്റെ ഭീഷണി എന്തുകൊണ്ട് മറ്റു താരങ്ങൾ കേട്ടില്ലെന്നും നടിയുടെ അടുപ്പക്കാർ ഉണ്ടായിട്ടും ഇക്കാര്യം എന്തുകൊണ്ട് ആരോടും പറഞ്ഞില്ലെന്നും കോടതി ചോദിക്കുന്നു. നടി രഹസ്യമായി വെച്ചുവെന്നും യൂറോപ്യൻ യാത്രയിൽ നടി വളരെ സന്തോഷത്തോടെയാണ് പോയതെന്നും കോടതി നിരീക്ഷിക്കുന്നു. ആ യാത്ര സംഘടിപ്പിച്ചത് ദിലീപാണെന്നും അങ്ങനെയൊരു ഭീഷണി ഉണ്ടായിരുന്നെങ്കിൽ എന്ത് കൊണ്ട് നടി യാത്ര തുടർന്നെന്നും കോടതി ചോദിക്കുന്നു. എന്തെങ്കിലും അസാധാരണമായ സംഭവങ്ങൾ ഉണ്ടായതായി കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നുമാണ് കോടതി പറയുന്നത്. 

അതേസമയം, നടിയെ ആക്രമിച്ച കേസിൽ അതിവേഗ അപ്പീൽ നീക്കവുമായി മുന്നോട്ട് പോവുകയാണ് സർക്കാർ. ഇന്നുതന്നെ നടപടികൾ തുടങ്ങും. അപ്പീൽ നടപടികൾക്ക് ശുപാർശ ചെയ്ത് സ്പെഷൽ പ്രോസിക്യൂട്ടർ സർക്കാരിന് കത്ത് നൽകി. അതീജീവിതയ്ക്ക് പിന്തുണയുമായി കൂടുതൽ നടിമാർ രംഗത്തുവന്നു.

കോടതിവിധിക്കെതിരെ അതിജീവിത

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയെ രൂക്ഷമായി വിമർശിച്ച് അതിജീവിത രം​ഗത്ത്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലെന്നും അടിസ്ഥാന ആവശ്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്നും അതിജീവിത ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി. ഉയർന്ന നീതിബോധമുള്ള ന്യായാധിപൻമാർ ഇനിയും ഉണ്ടാകുമെന്ന് പറഞ്ഞ അതിജീവിത അപ്പീൽ നൽകുമെന്ന സൂചനയും പങ്കുവച്ചു. സമൂഹത്തിൽ നിന്നും നീതിന്യായ വ്യവസ്ഥയിൽ നിന്നും ഒൻപത് വർഷത്തോളം നേരിട്ട അനീതിയും വിവേചനവും ആണ് പോസ്റ്റിൽ അതിജീവിത പറയുന്നത്. നിയമത്തിന് മുന്നിൽ എല്ലാവരും ഒരു പോലെ അല്ലെന്ന് വേദനയോടെ തിരിച്ചറിയുന്നെന്നും മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു. പൾസർ സുനിയെയും അതിജീവിതയെയും ചേർത്തുണ്ടാക്കിയ കഥകൾക്ക് മറുപടി പറഞ്ഞുകൊണ്ടാണ് പോസ്റ്റിന്‍റെ തുടക്കം. പിന്നാലെ വിചാരണക്കോടതിയിൽ വിശ്വാസം നഷ്ടപ്പെടാനുള്ള കാരണങ്ങൾ അക്കമിട്ട് വിശദീകരിക്കുന്നു. മെമ്മറി കാർഡ് അനധികൃതമായി തുറന്നു പരിശോധിച്ചു, പ്രോസിക്യൂഷനോട് ശത്രുതാപരമായ പെരുമാറ്റം, മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് നൽകിയില്ല, തുറന്ന കോടതിയിൽ കേസ് നടത്തണമെന്ന ആവശ്യം നിരാകരിച്ചു എന്നിങ്ങനെയാണ് കോടതിയിൽ നിന്ന് നേരിട്ട നീതിനിഷേധത്തെ കുറിച്ച് അതിജീവിത വിശദീകരിക്കുന്നത്. 

YouTube video player