
കൊച്ചി: വ്യാജരേഖ ചമച്ച് അവയകൈമാറ്റം നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അവയവ കൈമാറ്റത്തിന് ആളുകളെ എത്തിച്ച് നല്‍കിയ ഇടനിലക്കാരന്‍ ഡെബിന്‍ ജോസഫ് ആണ് അറസ്റ്റിലായത്. മുഖ്യപ്രതി നജീബിന്‍റെ ഡയറിയില്‍ നിന്നാണ് ഡെബിനിലേക്ക് പൊലീസ് എത്തിയത്. നജീബും കൂട്ട് പ്രതികളും നിലവില്‍ എറണാകുളം റൂറല്‍ പൊലീസിന്‍റെ കസ്റ്റഡിയില്‍ തുടരുകയാണ്.
ജനപ്രതിനിധികളുടെ പേരുകളില്‍ ഉള്‍പ്പെടെ വ്യാജ രേഖകളുണ്ടാക്കി തുടരുന്ന അവയവ കൈമാറ്റത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തിലാണ് എറണാകുളം റൂറല്‍ പൊലീസും കൊച്ചി സിറ്റി കമ്മീഷണറേറ്റും. മുഖ്യപ്രതി നജീബ് കല്ലട്രാസിനെ ചോദ്യം ചെയ്തതില്‍ നിന്നും നജീബിന്‍റെ ഡയറി പരിശോധിച്ചതിൽ നിന്നുമാണ് മറ്റൊരു പ്രതിയിലേക്ക് കൂടി പൊലീസ് എത്തിയത്. ആലപ്പുഴയില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശി ഡെബിന്‍ ജോസഫ്. പാവപ്പെട്ടവരെയും പണത്തിന് ആവശ്യമുള്ളവരെയും പ്രലോഭിപ്പിച്ച് അവയവ കൈമാറ്റ തട്ടിപ്പില്‍ പെടുത്തുന്ന ഇടനിലക്കാരനാണ് ഡെബിനെന്ന് പൊലീസ്. ഡെബിന്‍ വഴിയാണ് പലരും നജീബിലേക്ക് എത്തിയത്.
നേരത്തെ അറസ്റ്റിലായ സണ്ണി വര്‍ഗീസുമായും ഡെബിന് അടുപ്പമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ അമ്പലമേട് സ്റ്റേഷനിലെത്തിച്ചു. നിലവില്‍ നജീബടക്കം നാല് പ്രതികളാണ് റൂറല്‍ പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലുള്ളത്, അവയവ കൈമാറ്റത്തിന്‍റെ മറവില്‍ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടന്നെന്ന സംശയത്തിലും അന്വേഷണമുണ്ട്. നിലവില്‍ റൂറല്‍ പൊലീസിന്‍റെ കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയാല്‍ സിറ്റിയില്‍ നിന്നുള്ള അന്വേഷണസംഘവും ചോദ്യം ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam