പത്തനംതിട്ടയിൽ ഒരാൾ കൂടി ഐസൊലേഷനിൽ; വാർഡ് തലത്തിൽ നിരീക്ഷണം ശക്തമാക്കി

By Web TeamFirst Published Mar 19, 2020, 10:13 AM IST
Highlights

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ അവിടെത്തന്നെയുണ്ടെന്ന് ഉറപ്പാക്കാനായി വാർഡ് തലത്തിൽ നിരീക്ഷണം ശക്തമാക്കി. 

പത്തനംതിട്ട: പത്തനംതിട്ടയിൽ പുതുതായി ഒരാളെ കൂടി ആശുപത്രി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഗുജറാത്ത് സ്വദേശിയായ ആളെയാണ് രോഗലക്ഷണങ്ങളോടെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതോടെ ജില്ലയിലാകെ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 17 ആയി. 

രണ്ടായിരത്തിലധികം പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. പത്തോളം സാംപിളുകളുടെ പരിശോധന ഫലം ഇന്നു ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വൈറസ് പ്രതിരോധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ വാർഡ് തലത്തിൽ പത്തനംതിട്ട ജില്ലാ ഭരണകൂടം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ അവിടെത്തന്നെയുണ്ടെന്ന് ഇതിലൂടെ ഉറപ്പു വരുത്താനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. 

പത്തനംതിട്ടയിൽ  വനിതാ ഡോക്ടർ അടക്കം  4  പേരെ നേരത്തെ കൊവിഡ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കിയിരുന്നു. രോഗലക്ഷണങ്ങളുമായി തിരുവല്ലയിൽ കഴിഞ്ഞദിവസം  ഒരുഡോക്ടറെ ആശുപത്രി ഐസലേഷനിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിതാഡോക്ടറും ഹെൽത്ത് ഇൻസ്പക്ടറും വീട്ടിൽ നിരീക്ഷണത്തിലായത്. 

ഇവർക്ക് പുറമെ വിദേശത്ത് നിന്നെത്തിയ ഒരാളും നേരത്തെ ഇറ്റലിയിൽ നിന്നെത്തിവരുമായി രണ്ടാം ഘട്ടത്തിൽ സമ്പർക്കം പുലർത്തിയ പോലീസ് സേനാംഗവും ആശുപത്രിയിലുണ്ട്. രണ്ടായിരത്തിലധികം പേരാണ് ഇതുവരെ വിദേശത്തു നിന്ന് എത്തിയത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ നിർദ്ദേശം ലംഘിക്കുന്നതും വെല്ലുവിളിയാകുന്നത്. സാമൂഹ്യ ഉത്തരവാദിത്വം എല്ലാവരും പാലിക്കണമെന്ന് കലക്ടർ പറഞ്ഞു. നിരീക്ഷണത്തിലുള്ളവരുടെയെല്ലാം ആരോഗ്യനില തൃപതികമാണ്.

click me!