കൊവിഡ് ചട്ടം ലംഘിച്ചുള്ള സിഎസ്‌ഐ ധ്യാനം; ഒരു വൈദികൻ കൂടി മരിച്ചു, മരണം മൂന്നായി

By Web TeamFirst Published May 12, 2021, 4:56 PM IST
Highlights

ഇതോടെ ധ്യാനത്തിൽ പങ്കെടുത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികരുടെ എണ്ണം മൂന്നായി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മൂന്നാറിൽ ധ്യാനം നടത്തിയതിനെതിരെ പൊലീസ് കേസെടുത്തിരുന്നു. 

ഇടുക്കി: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ മൂന്നാറിലെ സിഎസ്ഐ ധ്യാനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി മരിച്ചു. അമ്പലക്കാല ഇടവകയിലെ ഫാദർ ബിനോകുമാറാണ് മരിച്ചത്. കൊവിഡ് ബാധിച്ച് കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയാണ് ബിനോകുമാർ മരണപ്പെട്ടത്. ഇതോടെ ധ്യാനത്തിൽ പങ്കെടുത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികരുടെ എണ്ണം മൂന്നായി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മൂന്നാറിൽ ധ്യാനം നടത്തിയതിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

ധ്യാനം നടത്തിയത് കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചാണെന്നാണ് ദേവികുളം സബ് കളക്ടറുടെ റിപ്പോർട്ട്. 13 മുതല്‍ 17 വരെയുള്ള തിയതികളിലായി നടന്ന ധ്യാനത്തിൽ 450 പേർ പങ്കെടുത്തെന്നാണ് കണ്ടെത്തൽ. മാസ്ക് വെക്കുന്നതിൽ അലംഭാവം കാണിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. വിവാദ സിഎസ്ഐ ധ്യാനത്തിന്‍റെ സംഘാടകർക്കെതിരെ പകർച്ച വ്യാധി നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിഷപ്പ് റസാലവും വൈദികരും കേസിൽ പ്രതികളാകും. 

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് കഴിഞ്ഞ ഏപ്രിൽ 13 മുതൽ 17 വരെ മൂന്നാർ സിഎസ്ഐ പള്ളിയിൽ ധ്യാനം നടത്തിയത്. കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ പരമാവധി പരിപാടികൾ ഓൺലൈനായി നടത്തണമെന്ന് ഏപ്രിലിൽ തന്നെ സർക്കാർ നിർദ്ദേശമുണ്ടായിരുന്നു. മാത്രമല്ല ഇടുക്കിയിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഏപ്രിൽ 12 മുതൽ ജില്ലയിലെ പൊതുപരിപാടികൾക്ക് ജില്ലാ ഭരണകൂടം വിലക്കും ഏർപ്പെടുത്തിയിരുന്നു. ഇക്കാര്യം അറിയാമായിരുന്നെന്ന് വിശദീകരണ കുറിപ്പിൽ സിഎസ്ഐ സഭ വ്യക്തമാക്കിയിട്ടുമുണ്ട്. 

അഞ്ച് ദിവസം നീണ്ട ധ്യാനത്തിൽ പങ്കെടുത്ത 480 വൈദികരിൽ ബിഷപ്പടക്കം എൺപതോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ധ്യാനത്തിന് ശേഷവും തിരിച്ചെത്തിയ വൈദികര്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാതെ സഭാ വിശ്വാസികളുമായി അടുത്തിടപഴകുകയും ചെയ്ത സാഹചര്യത്തിലാണ് സഭയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ 27ന് സഭാ വിശ്വാസിയായ തിരുവനന്തപുരം സ്വദേശി മോഹനനാണ് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!