അട്ടപ്പാടി മധുകൊലക്കേസ്, 46 ആം സാക്ഷി മൊഴിമാറ്റി

By Web TeamFirst Published Sep 19, 2022, 2:54 PM IST
Highlights

ഇന്ന് വിസ്തരിച്ച 44 ആം സാക്ഷി ഉമ്മറും 45 ആം സാക്ഷി മനോജും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.  

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ ഒരു സാക്ഷികൂടി മൊഴിമാറ്റി. 46 ആം സാക്ഷി അബ്ദുള്‍ ലത്തീഫ് ആണ് കൂറുമാറിയത്. പ്രതികൾ മധുവിനെ പിടിച്ചു കൊണ്ടുവരുന്നതും മർദിക്കുന്നതും കണ്ടു എന്നായിരുന്നു അബ്ദുള്‍ ലത്തീഫ് ആദ്യം നൽകിയ മൊഴി. ഇതാണ് വിചാരണക്കോടതിയിൽ തിരുത്തിയത്. മധുകൊലക്കേസിലെ പ്രതികളായ നജീബ്, മുനീർ എന്നിവരുടെ അച്ഛനാണ് അബ്ദുള്‍ ലത്തീഫ്.  ഇന്ന് വിസ്തരിച്ച 44 ആം സാക്ഷി ഉമ്മറും 45 ആം സാക്ഷി മനോജും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. മധുവിൻ്റെ അമ്മയുടേയും സഹോദരിയുടേയും വിസ്താരം ഇന്ന് നിശ്ചയിച്ചിരുന്നെങ്കിലും മാറ്റി. വിചാരണ നടപടികൾ ചിത്രീകരിക്കണമെന്ന അമ്മ മല്ലിയുടെ ഹർജിയിൽ തീർപ്പ് കൽപ്പിച്ച ശേഷമാകും വിസ്താരം. കോടതിയെ തെറ്റിദ്ധരിപ്പിച്ച 29 ആം സാക്ഷി സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന ഹർജി വ്യാഴാഴ്ച മണ്ണാർക്കാട് എസ്സി എസ്ടി വിചാരണക്കോടതി പരിഗണിക്കും.

അതേസമയം കേസിലെ 11-ാം പ്രതിയുടേത് ഒഴികെയുള്ള പതിനൊന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റേതാണ് ഉത്തരവ്. 11 ആം പ്രതി ഷംസുദ്ദീനിന്‍റെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജാമ്യം റദ്ദാക്കപ്പെട്ട 11 പ്രതികളും മണ്ണാർക്കാട് വിചാരണക്കോടതിയിൽ കീഴടങ്ങി. ഹൈക്കോടതി ജാമ്യം റദ്ദാക്കിയ ഉത്തരവ് ശരിവച്ചതിന് പിന്നാലെ, പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങിയിരുന്നു. ഓഗസ്റ്റ് 20 നാണ്  12 പ്രതികളുടെ ജാമ്യം  വിചാരണക്കോടതി റദ്ദാക്കിയത്. പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നായിരുന്നു വിചാരണക്കോടതിയുടെ കണ്ടെത്തൽ. പ്രതികളുടെ ജാമ്യം റദ്ദാക്കിയത് ശരിവെച്ച ഹൈക്കോടതി വിധിയിൽ സന്തോഷമെന്ന് മധുവിന്‍റെ സഹോദരി പ്രതികരിച്ചു. 

click me!