
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു യാത്രക്കാരന്‍ മരിച്ചു. വയനാട് തരുവണ കരിങ്ങാരി സ്വദേശി വി പി ഇബ്രാഹിം (58) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇതോടെ, കരിപ്പൂർ വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 19 ആയി ഉയർന്നു.
ആഗസ്റ്റ് ഏഴിനാണ് കരിപ്പൂർ വിമാനത്താവളത്തിലെ ലാൻഡിംഗിനിടെ എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ദുബായ് - കോഴിക്കോട് വിമാനം റൺവേയിൽ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളിൽ ഇടിച്ച് അപകടമുണ്ടായത്. വിമാനം ലാൻഡിംഗ് ചെയ്തതിന് ശേഷമായിരുന്നു അപകടം എന്നതിനാലും ഇന്ധനചോർച്ച പെട്ടെന്ന് നിയന്ത്രിച്ചതിനാലും വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിൻ്റെ രണ്ട് പൈലറ്റുമാരും അപകടത്തിൽ മരിച്ചിരുന്നു.
വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തകരായ 55 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവരിൽ നാട്ടുകാർക്ക് പുറമേ അഗ്നിശമന സേന ഉദ്യോഗസ്ഥരും ഉൾപെടും. കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ കൊണ്ടോട്ടി, നെടിയിരുപ്പ് പ്രദേശങ്ങളിൽ നിന്നുള്ള സമീപവാസികളായ 150 ഓളം പേർ അന്ന് മുതൽ തന്നെ ക്വാറന്‍റീനിലേക്ക് മാറിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam