
കോഴിക്കോട്: സംസ്ഥാനത്തെ ക്രമസമാധാനം പൂർണമായും തകർന്ന സാഹചര്യത്തിൽ വരുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഇരുപതിൽ ഇരുപതു സീറ്റും നേടുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് എലത്തൂർ യുഡിഎഫ് നിയോജക മണ്ഡലം വിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ ചരിത്രത്തിൽ ഇത്രയും അഴിമതിക്ക് നേതൃത്വം കൊടുത്ത ഒരു മുഖ്യമന്ത്രി വേറെയുണ്ടാകില്ല.
മുഖ്യമന്ത്രിയുടെ കൈയിൽ ഒരു നിവേദനം കൊടുത്ത് അതിലൊരു ഉത്തരവ് എലത്തുർ നിയോജക മണ്ഡലത്തിലെ ഒരു പൗരന് ലഭിച്ചുവെന്നറിയിച്ചാൽ അയാൾക്കൊരു പവൻ സ്വർണം സമ്മാനമായി നൽകും. ഏതൊരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്ക്കാരനും പറയും തുടർ ഭരണം പാർട്ടിയെ തുലച്ചെന്ന്. ഈ തുടർ ഭരണം കൊവിഡിന്റെ മാത്രം സംഭാവനയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മാണിസാറിന്‍റെ തട്ടകത്തില്‍ അദ്ദേഹത്തിന്‍റെ വിശ്വസ്തനായ തോമസ് ചാഴികാടന്‍ എംപിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി ശാസിച്ച് അപമാനിച്ചിട്ടും അതിനെതിരേ പ്രതികരിക്കാന്‍ പോലും കഴിയാത്ത ദയനീയാവസ്ഥയിലാണോ കേരള കോണ്‍ഗ്രസ്- എം എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ചോദിച്ചു. മാണിസാറിനെ പാലായില്‍ പോലും നിഷ്ഠൂരമായി വേട്ടയാടിയ സിപിഎം അതിന്‍റെ ജനിതകഗുണം തന്നെയാണ് മുഖ്യമന്ത്രിയിലൂടെ ആവര്‍ത്തിച്ചത്.
മുഖ്യമന്ത്രി അടിയന്തരമായി മാപ്പു പറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. പാലായില്‍ നടന്ന നവകേരള സദസ് വിജയിപ്പിക്കാന്‍ അധ്വാനിച്ച ചാഴികാടനോട് കടക്കൂ പുറത്ത് എന്ന മട്ടില്‍ മുഖ്യമന്ത്രി സംസാരിച്ചത് നന്ദികേടാണ്. റബറിന് 250 രൂപ വില നല്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കണമെന്ന് ചാഴികാടന്‍ ആവശ്യപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി പൊട്ടിത്തറിച്ചത്.
ചാഴികാടന് നവകേരള സദസ് എന്താണെന്നു മനസിലാക്കാന്‍ പോലുമുള്ള കഴിവില്ലെന്നാണ് സംസ്‌കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. കേരള കോണ്‍ഗ്രസ്- എം ചെയര്‍മാന്‍ ജോസ് കെ മാണി, മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പുലയാട്ട്. നേരത്തെ കെ.കെ.ശൈലജ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളോടും സമാനരീതിയില്‍ മുഖ്യമന്ത്രി അസഭ്യവര്‍ഷം ചൊരിഞ്ഞിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam