അരിക്കൊമ്പന്‍റെ 'കലിപ്പ്' അടങ്ങിയോ? ചിന്നക്കനാലിൽ നിന്ന് നാട് കടത്തിയിട്ട് ഇന്നേക്ക് ഒരു വർഷം

By Web TeamFirst Published Apr 29, 2024, 10:53 AM IST
Highlights

അരിക്കൊമ്പൻ അരങ്ങൊഴിഞ്ഞിട്ടും ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന ശല്യത്തിന് കാര്യമായ കുറവൊന്നുമുണ്ടായിട്ടില്ല.

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാലിൽ ജനിച്ച് വളർന്ന അരിക്കൊമ്പനെന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി നാട് കടത്തിയിട്ട് ഇന്നേക്ക് ഒരു വർഷം. അരിക്കൊമ്പൻ അരങ്ങൊഴിഞ്ഞിട്ടും ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന ശല്യത്തിന് കാര്യമായ കുറവൊന്നുമുണ്ടായിട്ടില്ല.

2005 മുതൽ വീടും റേഷൻ കടയും ഏലം സ്റ്റോറുമൊക്കെയായി 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തെന്നാണ് വനം വകുപ്പിൻ്റെ കണക്ക്. കാട്ടാനയുടെ ആക്രമണത്തില്‍ 30 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വീടുകൾ ആക്രമിക്കുന്നത് പതിവായതാണ് ആളുകളെ പ്രകോപിതരാക്കിയത്. നിരന്തരമായ ആവശ്യത്തെ തുടർന്ന് മയക്കുവെടി വയ്ക്കാൻ സർക്കാർ ഫെബ്രുവരിയിൽ ഉത്തരവിറക്കി. മൃഗസ്നേഹികളുടെ ആവശ്യപ്രകാരം ഹൈക്കോടതി ഇടപെട്ട് പഠനം നടത്തിയാണ് മയക്കുവെടി വയ്ക്കാൻ അനുമതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ 29 ന് 12 മണിയോടെ അരിക്കൊമ്പനെ മയക്കുവെടി വെച്ചു. അഞ്ച് തവണ മയക്കുവെടി വെച്ചാണ് റേഡിയോ കോളർ ഘടിപ്പിച്ചത്. ആനിമൽ ആംബുലൻസിൽ രാത്രിയോടെ പെരിയാർ കടുവ സങ്കേതത്തിലെത്തിച്ചു. വഴിനീളെ അരിക്കൊമ്പനെ കാണാൻ ആളുകൾ തടിച്ചു കൂടി.

ആഴ്ചകൾക്കുള്ളിൽ പെരിയാർ കടുവ സങ്കേതത്തിൽ നിന്നും പുറത്തെത്തിയ അരിക്കൊമ്പൻ കുമളിയിലെ ജനവാസ മേഖലയ്ക്ക് അടുത്തെത്തിയിരുന്നു. അവിടെ നിന്നും തമിഴ്നാട്ടിലെ മേഘമലയിലും കമ്പം ടൗണിലുമെത്തി. കമ്പം ടൗണിലൂടെ വിരണ്ടോടുന്നതിനിടെ ആന തട്ടിയിട്ട ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഇതോടെ തമിഴ്നാട് വനം വകുപ്പ് രണ്ടാം തവണ മയക്കുവെടി വെച്ച് പിടികൂടിയാണ് അരിക്കൊമ്പനെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെത്തിച്ചത്. 37 ആം ദിവസമായിരുന്നു രണ്ടാമത്തെ മയക്കുവെടി. ഇപ്പോൾ പൂർണ ആരോഗ്യവാനായി വനത്തിൽ വിലസുന്നുണ്ടെന്നാണ് തമിഴ്നാട് വനംകുപ്പ് പറയുന്നത്. അരിക്കൊമ്പൻ മാറിയതോടെ ചക്കക്കൊമ്പനും മുറിവാലനും കാട്ടാനക്കൂട്ടവുമൊക്കെ ചിന്നക്കനാലിൽ കളം പിടിച്ചു. കേരളത്തിൽ തന്നെ ശല്യക്കാരായ പല കാട്ടാനകളെയും മയക്കുവെടി വെച്ച് പിടികൂടിയിട്ടുണ്ടെങ്കിലും അരിക്കൊമ്പനോളം ആരാധകർ മറ്റൊരു കാട്ടാനക്കുമില്ല.

click me!