വരാപ്പുഴ കസ്റ്റഡി കൊലപാതകം: ശ്രീജിത്ത് വിട പറഞ്ഞിട്ട് നാളേക്ക് ഒരു വർഷം

By Web TeamFirst Published Apr 8, 2019, 10:09 AM IST
Highlights

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഏപ്രിൽ ഒമ്പതിനാണ് ശ്രീജിത്ത് മരണത്തിന് കീഴടങ്ങിയത്. കൊലപാതകം നടന്ന് ഒരു കൊല്ലം ആകുമ്പോഴും കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

കൊച്ചി: ക്രൂരമായ കസ്റ്റഡി മർദനത്തിനിരയായി വരാപ്പുഴ സ്വദേശി ശ്രീജിത്ത് വിട പറഞ്ഞിട്ട് നാളെ (ചൊവ്വാഴ്ച) ഒരു വർഷം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഏപ്രിൽ ഒമ്പതിനാണ് ശ്രീജിത്ത് മരണത്തിന് കീഴടങ്ങിയത്. കൊലപാതകം നടന്ന് ഒരു കൊല്ലം ആകുമ്പോഴും കേസിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘത്തിന് ആയിട്ടില്ല.

ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതര ക്ഷതത്തെ തുടർന്ന് മകൻ മരിച്ച് ഒരു കൊല്ലം പിന്നിടുമ്പോഴും അമ്മയുടെ ഓർമ്മയിൽ നിന്ന് മാഞ്ഞിട്ടില്ല ആ നിലവിളി. ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയ കസ്റ്റഡി മരണത്തിൽ ഏഴ് പൊലീസുകാ‍ർ പ്രതികളായി. ഏഴ് പേരെയും ഡിസംബറിൽ സർവീസിൽ തിരിച്ചെടുക്കുകയും ചെയ്തു. കുറ്റപത്രം തയ്യാറായെന്നും പൊലീസുദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാർ അനുമതി വൈകാതെ തേടുമെന്നും  അന്ന് അറിയിച്ചെങ്കിലും കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഇത് വരെയും അന്വേഷണസംഘത്തിന് ആയിട്ടില്ല.

കുറ്റപത്രം തയ്യാറായിട്ടുണ്ടെങ്കിലും നിയമോപദേശത്തിനായി കാക്കുകയാണെന്നാണ് അന്വേഷണസംഘം നൽകുന്ന വിശദീകരണം. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച് കേസിൽ സിബിഐ  അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യവും ഹൈക്കോടതി തള്ളിയിരുന്നു. പക്ഷെ ഈ രീതി തുടരുകയാണെങ്കിൽ മകന്‍റെ നീതിയ്ക്ക് വേണ്ടി നിയമപോരാട്ടം വീണ്ടും തുടങ്ങുമെന്നും കുടുംബം പറയുന്നു. ശ്രീജിത്തിന്റെ മരണത്തെ തുടർന്ന് വടക്കൻ പറവൂർ താലൂക്ക് ഓഫീസിൽ ക്ലാർക്ക് ആയി അഖിലയ്ക്ക് സർക്കാർ നിയമനം ലഭിച്ചിരുന്നു.

click me!