
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‍കൂളുകള്‍ ജൂൺ ഒന്നിന് തുറക്കില്ല. കേന്ദ്രനിർദ്ദേശം വന്നതിന് ശേഷമേ സ്‍കൂളുകള്‍ തുറക്കൂ. അധ്യാപകരും അന്ന് മുതൽ സ്കൂളിൽ എത്തിയാൽ മതി. വിക്ടേഴ്‍സ് ചാനൽ വഴി തിങ്കളാഴ്ച മുതൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങുന്നതിന്‍റെ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗമാണ് സ്കൂളുകൾ തുറക്കുന്നതിൽ കേന്ദ്ര നിലപാട് കാക്കാൻ തീരുമാനിച്ചത്. അധ്യാപകർ സ്കൂളിലെത്തുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കിലും സ്കൂൾ തുറന്നശേഷം മാത്രം എത്തിയാൽ മതിയെന്നാണ് നിലവിലെ ധാരണ.
ജൂൺ ഒന്ന് മുതൽ തന്നെ ഫസ്റ്റ് ബെൽ എന്ന പേരിൽ വിക്ടേഴ്സ ചാനലും ചാനലിന്‍റെ വെബ് സൈറ്റും വഴി ഓൺലൈൻ ക്ലാസ് തുടങ്ങും. രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര മണിവരെയുള്ള സമയത്താണ് വിവിധ ക്ലാസുകളിലേക്കുള്ള കുട്ടികൾക്കുള്ള അധ്യയനം. പന്ത്രണ്ടാം ക്ലാസിലെ വിഷയമാണ് രാവിലെ എട്ടരമുതൽ പത്തരവരെ. ഒന്നാം ക്ലാസ് പത്തര മുതൽ അര മണിക്കൂർ. പത്താം ക്ലാസിലെ കുട്ടികൾക്ക് 11 മണിക്കാണ് ക്ലാസ്. എല്ലാ ക്ലാസും പുനസംപ്രേക്ഷണം ചെയ്യും. ടി വിയും ഫോണും ഇല്ലാത്തവർക്ക് പ്രധാന അധ്യാപകർ ക്ലാസുകൾ ഉറപ്പാക്കണം.
സമീപത്തെ വായനശാലകൾ ഉൾപ്പടെ ഉപയോഗിക്കാം. ഓരോ ഓൺലൈൻ ക്ലാസിന് ശേഷവും അധ്യാപകർ അതാത് ക്ലാസുകളിലെ കുട്ടികളുമായി വാട്ട്‍സാപ്പ് ഗ്രൂപ്പ് വഴിയോ ഫോൺ വഴിയോ ചർച്ച ചെയ്യണം. ആദ്യത്തെ ആഴ്ചയിലെ ഓൺലൈൻ ക്ലാസുകൾ വിലയിരുത്തിയ ശേഷം മെച്ചപ്പെടുത്തും. സ്‍കൂളില്‍ വന്നില്ലെങ്കിലും അധ്യാപകർ പഠനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളുടെ രണ്ടാംഘട്ട മൂല്യനിർണ്ണയും ജൂൺ ഒന്നിന് തുടങ്ങും. 26 മുതൽ നടക്കുന്ന പരീക്ഷകളുടെ മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കി ഫലം പ്രസീദ്ധീകരിക്കാനാണ് നീക്കം. ആറാം പ്രവർത്തിദിവസം കുട്ടികളുടെ എണ്ണം എടുക്കുന്ന കീഴ്വഴക്കം ഇത്തവണ മറ്റൊരു ദിവസത്തേക്ക് മാറ്റും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam