
ഇടുക്കി/വയനാട്: തുടർച്ചയായ രണ്ടാം ദിവസവും ഓൺലൈൻ പഠനം മുടങ്ങി ഇടുക്കിയിലെ ആദിവാസി പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികൾ. വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് അനുസരിച്ച് ജില്ലയിൽ 6,288 വിദ്യാർത്ഥികളാണ് ഓൺലൈൻ പഠനത്തിന് പുറത്തുള്ളത്.
ടെലിവിഷനിലും യൂടൂബിലുമെല്ലാം ഓൺലൈൻ ക്ലാസുകൾ നടക്കുന്ന പോലും അറിഞ്ഞിട്ടില്ലാത്ത പലരുമുണ്ട്. ഇടുക്കി - തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിലെ ആദിവാസി കുടികളിലാണ് ഓൺലൈൻ പഠനത്തിന് കൂടുതൽ ബുദ്ധിമുട്ട്. പല കുടികളിലും ടിവിയുണ്ടെങ്കിലും ഇവരുടെ ഡിഷുകളിൽ വിക്ടേർഴ്സ് ചാനൽ കിട്ടുന്നില്ല.
പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമഗ്ര ശിക്ഷ കേരള. അധ്യാപകർ നേരിട്ട് കുടികളിലെത്തി ഡൗൺലോഡ് ചെയ്തെടുത്ത പാഠഭാഗങ്ങൾ ലാപ്ടോപ്പിലൂടെ കാണിച്ച് പഠിപ്പിക്കാനാണ് ശ്രമം. എന്നാൽ ഒറ്റപ്പെട്ട് കിടക്കുന്ന എല്ലാ കുടികളിലും ഇത് സാധ്യമാകുമോ എന്നാണ് ചോദ്യം.
സംവിധാനത്തിന് പുറത്തായിപ്പോകുന്ന കുട്ടികൾ
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ നിന്ന് ആദിവാസി വിഭാഗക്കാരായ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെയാണ് ഓണ്‍ലൈന്‍ പഠനരീതിയിലേക്കുളള ചുവടുമാറ്റം. കേരളത്തിലെ ആദിവാസി വിഭാഗക്കാരായ കുട്ടികളില്‍ ഒന്നര ശതമാനത്തോളം പേര്‍ ഓരോ വര്‍ഷവും സ്കൂളുകളില്‍ നിന്ന് കൊഴിഞ്ഞുപോകുന്നതായാണ് കണക്ക്. ഈ പശ്ചാത്തലത്തില്‍ ആദിവാസി മേഖലയിലെ ഓണ്‍ലൈന്‍ പഠനത്തിന് കൂടുതല്‍ പ്രധാന്യം നല്‍കണമെന്നാണ് വിദഗ്ധരുടെ നിര്‍ദ്ദേശം.
പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളുടെ തിളക്കമൊന്നും ഇനിയും കാണാനാവാത്ത പ്രദേശങ്ങളാണ് ആദിവാസി കോളനികളും തീരപ്രദേശങ്ങളും. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾക്കപ്പുറം പൊതുവിദ്യാലയങ്ങളിലെ പഠന രീതികളുമായി പൊരുത്തപ്പെടാനാവാതെ കൊഴിഞ്ഞുപോകുന്ന കുട്ടികളുടെ എണ്ണം അമ്പരിപ്പിക്കുന്നതാണ്.
കേരളത്തിലെ ആദിവാസി വിഭാഗക്കാരായ കുട്ടികളില്‍ ഒന്നര ശതമാനത്തോളം പേര്‍ ഓരോ വര്‍ഷവും സ്കൂളുകളില്‍ നിന്ന് കൊഴിഞ്ഞു പോകുന്നതായി സാന്പത്തിക സര്‍വേ പറയുന്നു. ഏറ്റവുമധികം ആദിവാസി കുട്ടികളുളള വയനാട്ടിലാണ് കൊഴിഞ്ഞുപോക്ക് കൂടുതല്‍. 17000ഓളം ആദിവാസി വിദ്യാര്‍ത്ഥികളുളള വയനാട്ടില്‍ മൂന്നു ശതമാനം പേരാണ് ഓരോ വര്‍ഷവും പഠനം അവസാനിപ്പിക്കുന്നത്. ഇത് തടയാന്‍ പലവിധ പദ്ധതികള്‍ നടപ്പാക്കിയെങ്കിലും കാര്യമായ മാറ്റമില്ല. ഗോത്രസാരഥി, തുടക്കവും തുടര്‍ച്ചയും, മെന്‍റര്‍ ടീച്ചര്‍ തുടങ്ങിയ പദ്ധതികള്‍ പ്രതീക്ഷിച്ച നേട്ടം കൈവരിച്ചതുമില്ല.
വംശനാശ ഭിഷണി നേരിടുന്ന കാട്ടുനായ്ക, ചോലനായ്ക, കാടര്‍, കൊറഗര്‍ തുടങ്ങിയ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനാകുന്ന മോഡല്‍ റസിഡവന്‍ഷ്യല്‍ സ്കൂളുകളാണ് ഒരു പരിധി വരെ ആശ്രയം. എന്നാല്‍ സ്കൂളുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ ഉള്‍വനങ്ങളിലും മറ്റും കഴിയുന്ന ഇത്തരം കുട്ടികള്‍ക്ക് എങ്ങനെ ഓണ്‍ലൈന്‍ പഠനം എത്തിക്കാനാകുമെന്നതില്‍ പ്രതിസന്ധിയുണ്ട്. ഇത്തരം സ്കൂളുകളിലെ അധ്യാപകരെയും കൊഴിഞ്ഞുപോക്ക് തടയാനായി നിയമിച്ച മെന്‍റര്‍ ടീച്ചര്‍ വിഭാഗത്തിലുളളവരെയും ഇതിനായി നിയോഗിക്കണമെന്ന നിര്‍ദ്ദേശവും ഉയരുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam