തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ, നിർണായക വിവരങ്ങൾ കണ്ടെത്തി സൈബർ സെൽ.ദൃശ്യങ്ങൾ വിൽപനയ്ക്ക് വെച്ച ഐപി അഡ്രസ്സുകളും, പണം നൽകി ദൃശ്യങ്ങൾ വാങ്ങിയവരുടെ ഐപി അഡ്രസ്സുകളും സൈബർ സെൽ ട്രേസ് ചെയ്തു.
തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വിൽപനയ്ക്ക് വെച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ കണ്ടെത്തി സൈബർ സെൽ. ദൃശ്യങ്ങൾ വിൽപനയ്ക്ക് വെച്ച ഐപി അഡ്രസ്സുകളും, പണം നൽകി ദൃശ്യങ്ങൾ വാങ്ങിയവരുടെ ഐപി അഡ്രസ്സുകളും സൈബർ സെൽ ട്രേസ് ചെയ്തു.
തിരുവനന്തപുരത്തെ കൈരളി തിയേറ്റർ കോംപ്ലക്സിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ ദിവസമാണ് സൈബർ സെൽ അന്വേഷണം ആരംഭിച്ചത്. ദൃശ്യങ്ങൾ അപ്ലോഡ് ചെയ്ത ശേഷം ലിങ്കുകൾ ടെലഗ്രാം, ഇൻസ്റ്റഗ്രാം വഴിയാണ് പ്രചരിപ്പിച്ചത്. 'സോഫ്റ്റ് പോൺ' എന്ന തരത്തിൽ പണം നൽകി കാണാവുന്ന വിധത്തിലായിരുന്നു ദൃശ്യങ്ങളുടെ വിൽപന. ഈ ദൃശ്യങ്ങൾ വിൽപനയ്ക്ക് വെച്ച ഐപി അഡ്രസ്സുകളാണ് സൈബർ സെൽ പ്രധാനമായും കണ്ടെത്തിയത്. കൂടുതൽ സൈറ്റുകളിൽ ദൃശ്യങ്ങൾ അപ്ലോഡ് ചെയ്തിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
ദൃശ്യങ്ങൾ ചോർന്നതെങ്ങനെ ?
ദൃശ്യങ്ങൾ ചോർന്ന വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ സ്റ്റോർ ചെയ്യുന്ന ക്ലൗഡ് ഹാക്ക് ചെയ്യപ്പെട്ടെന്നാണ് പ്രാഥമിക സംശയം. ദൃശ്യങ്ങൾ ചോർത്തിയതിൽ തിയേറ്റർ ജീവനക്കാർക്ക് ഏതെങ്കിലും തരത്തിൽ പങ്കുണ്ടോ എന്നും സൈബർ സെൽ അന്വേഷിക്കുന്നുണ്ട്. സംഭവം പുറത്തുവന്നതിന് പിന്നാലെ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ തങ്ങളുടെ 17 സ്ക്രീനുകളിലെയും സിസിടിവി സ്റ്റോറേജ് പാസ്‌വേഡുകൾ മാറ്റി. സിസിടിവി ദൃശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും മെയിന്റനൻസ് ജോലികൾ ഏൽപ്പിക്കുന്നതിലും കർശന ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് തിയേറ്റർ ഓപ്പറേറ്റർമാർക്ക് നിർദ്ദേശം കൈമാറിയിട്ടുണ്ട്. പൊതുഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഹാക്ക് ചെയ്യപ്പെട്ടെന്ന പരാതി ആദ്യമായതിനാൽ സൈബർ പെട്രോളിംഗ് കർശനമാക്കാനും സൈബർ സെല്ലിന് നിർദ്ദേശം നൽകിയിട്ടുണ്ട്.


