
തിരുവനന്തപുരം: സർക്കാർ അംഗീകൃതമെന്ന അവകാശവാദം ഉന്നയിച്ച് ഓണ്‍ലൈന്‍ ട്രേഡിംഗിന്‍റെ പരസ്യം യൂട്യൂബ് വഴി പ്രചരിപ്പിച്ച് പണം തട്ടിയ ദില്ലി സ്വദേശി അറസ്റ്റിൽ. നോര്‍ത്ത് വെസ്റ്റ് ദില്ലി പിതംപുര സ്വദേശി ഇന്ദർ പ്രീത് സിംഗ് (42) ആണ് അറസ്റ്റിലായത്. ട്രേഡിംഗ് നടത്തിയാൽ മികച്ച ലാഭം നൽകാമെന്നും കേന്ദ്ര സർക്കാർ അംഗീകൃത വെബ് സൈറ്റാണെന്നും യൂട്യൂബിലൂടെ കാഴ്ചക്കാരെ വിശ്വസിപ്പിച്ച് അക്കൗണ്ടുകളിൽ പണം നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.
താൽപര്യം അറിയിക്കുന്നവരെ വ്യാജ വെബ് സൈറ്റിലേയ്ക്ക് ക്ഷണിച്ച് വ്യക്തിഗത വിവരങ്ങൾ നല്‍കി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിക്കലായിരുന്നു ഇയാളുടെ രീതി. ഇത്തരത്തിൽ ആറ് ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ഒരു മാസം കൊണ്ട് 81.5ലക്ഷം ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ മാസം 18 ന് ലഭിച്ച പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണിപ്പോൾ പിടിയിലായത്.
മികച്ച ലാഭം വെബ്‌സൈറ്റിലൂടെ വ്യാജമായി കാണിച്ചാണ് ഇത്രയും രൂപ തട്ടിയെടുത്തത്. എന്നാൽ, പരാതിക്കാരൻ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോൾ ലഭിക്കാതെ വന്നതോടെയാണ് സ്റ്റേഷനിൽ പരാതി നൽകിയത്. അന്വേഷണത്തിൽ നോര്‍ത്ത് ഇന്ത്യ കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘമാണ് ഇതിനുപിന്നിലെന്ന് മനസിലായി. വേറെയും ചില സമാനസ്വഭാവമുള്ള കേസുകൾ ശ്രദ്ധയിൽപെട്ടതോടെ ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
തുടര്‍ന്ന് പരാതിക്കാരനില്‍ നിന്നും 42 ലക്ഷത്തോളം രൂപ തട്ടിയെടുക്കാന്‍ വേണ്ടി ഉപയോഗിച്ച ദില്ലിയിലുള്ള ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ദില്ലിയിൽ ചാരിറ്റി പ്രവര്‍ത്തം നടത്തുന്നതായി കാണിച്ച് തരപ്പെടുത്തി എടുത്ത ഒരു സ്ഥാപനത്തിന്‍റെ പേരിലെ ബാങ്ക് അക്കൗണ്ടാണെന്നു കണ്ടെത്തി. ഈ ബാങ്കിന്‍റെ അക്കൗണ്ടിന്‍റെ ട്രാന്‍സാക്ഷനും വിവരങ്ങളും പരിശോധിച്ചതില്‍ നിന്നാണ് ഇന്ദർ പ്രീത് സിംഗാണ് പിന്നിലെന്ന് കണ്ടെത്തിയത്.
സിറ്റി സൈബർ ക്രൈം അസി. കമ്മീഷണർ കെ.എസ്.പ്രകാശിന്‍റെ നേതൃത്വത്തിൽ ഇന്‍സ്‌പെക്ടർ എസ്.നിയാസ്, സിവിൽ പൊലീസ് ഓഫിസറന്മാരായ സമീര്‍ഖാന്‍, ശ്രീജിത്ത്, റോയ്, ഗോവിന്ദ് മോഹന്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം ദില്ലിയിൽ മൂന്ന് ദിവസം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തട്ടിപ്പിനുപയോഗിച്ച ബാങ്ക് അക്കൗണ്ടുകളുടെയും സ്ഥാപനത്തിന്‍റെയും വിവരങ്ങൾ ഇയാളിൽ നിന്നും കണ്ടെത്തി. പരാതിക്കാരിൽ നിന്നും തട്ടിയെടുത്ത രൂപ കണ്ടെത്താനുളള നടപടികൾ പൊലീസ് സ്വീകരിച്ചുവരുകയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam