
തിരുവനന്തപുരത്ത്: ഓണ്‍ലൈന്‍ വഴിയുള്ള തൊഴില്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി പൊലീസ്. ജോലി ഓഫർ ചെയ്യുന്ന കമ്പനിയുടെ പേര് ഗൂഗിൾ മുഖേനെയോ മറ്റോ സെർച്ച് ചെയ്ത് അവരുടെ വെബ്‌സൈറ്റ് അല്ലെങ്കിൽ ഫേസ്ബുക്ക്, ലിങ്ക്ഡ്ഇൻ പോലുള്ള സോഷ്യൽ മീഡിയ പേജുകൾ ഉണ്ടോ എന്ന് കണ്ടെത്താന്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു. മറ്റേതെങ്കിലും പ്രമുഖ ജോബ് സൈറ്റുകളിൽ പ്രസ്തുത കമ്പനിയുടെ ജോബ് ഓഫർ കണ്ടെത്താൻ കഴിയുമോയെന്ന് നോക്കണം.
ജോബ് കമ്പനികളെ കുറിച്ചുള്ള ധാരാളം റിവ്യൂകൾ സെർച്ച് ചെയ്താൽ കാണാൻ കഴിയും. ജോബ് ഓഫർ നൽകിയ കമ്പനിയെ കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങൾ പരിശോധിക്കുക. കമ്പനിയുടെ വെബ്സൈറ്റ് 'URL secure'ആണോ എന്ന് ഉറപ്പുവരുത്തണം. ഓഫർ ചെയ്യപ്പെടുന്ന തൊഴിലവസരങ്ങളുടെ പേരിൽ പണം ഒടുക്കാനോ, ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുകയോ, ഒരു അഭിമുഖത്തിന് ഹാജരാകാനോ ഇടയായാൽ കൃത്യമായും കമ്പനിയുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തുക.
നിങ്ങളെ കബളിപ്പിക്കാനുള്ള സ്‌കാമറുടെ പ്രിയപ്പെട്ട മാർഗ്ഗമാണ് കുറച്ച് തുക ഒടുക്കിച്ച് വിശ്വാസ്യത നേടിയെടുക്കുക എന്നത്. കമ്പനിയിൽ നിന്ന് അഭിമുഖത്തിനുള്ള വിശദാംശങ്ങൾ ലഭിച്ചുകഴിഞ്ഞാൽ, ഹാജരാകേണ്ട വിലാസം സെർച്ച് ചെയ്യുക. അങ്ങനെ ഒരു വിലാസം കൃത്യമാണെന്നും നിലവിൽ ഉള്ളതാണെന്നും അത് ഒരു സുരക്ഷിതമായ പ്രദേശത്താണെന്നും ഉറപ്പുവരുത്തുക.
അഭിമുഖത്തിനോ മറ്റ് ആവശ്യങ്ങൾക്കോ കമ്പനിയുടെ ഓഫീസിൽ പോകേണ്ടി വന്നാൽ നിങ്ങൾ എവിടെ പോകുന്നു എന്ന് നിങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയുക. കമ്പനി ആവശ്യപ്പെടുന്ന വിശദാംശങ്ങളെക്കുറിച്ച് മുൻകൂട്ടി മനസിലാക്കുക. ജോബ് ഓഫറിൽ ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ തോന്നിയാൽ അഥവാ ജോലിയെ കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ ഒരു കാരണവശാലും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നൽകരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam