'ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് സതീശനും സംഘവും 87,000 രൂപ വാങ്ങി. എന്നാൽ നിയമന പട്ടികയിൽ റാണിഷ് മോളുടെ പേര് ഉണ്ടായിരുന്നില്ല.അന്വേഷിച്ചപ്പോൾ റാങ്ക് ലിസ്റ്റിൽ ഉണ്ടാകില്ലെന്നും രാഷ്ട്രീയ നിയമനത്തിനാണ് ശ്രമം നടത്തിയിരിക്കുന്നതെന്നുമുള്ള മറുപടിയാണ് സതീശനിൽ നിന്ന് കിട്ടിയത്'

കോട്ടയം: കോട്ടയം വൈക്കത്ത് സിപിഎം കൗൺസിലർ പ്രതിയായ ജോലി തട്ടിപ്പു കേസിൽ കൂടുതൽ പരാതിക്കാർ രംഗത്ത്. ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്തും കൗൺസിലർ പണം തട്ടിയെന്ന പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചു. വൈക്കം ഉദയനാപുരം നേരേകടവ് സ്വദേശിനി റാണിഷ് മോളാണ് സിപിഎം കൗൺസിലർ സതീശനെതിരെ പൊലീസിൽ പരാതി നൽകിയത്. ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് സതീശനും സംഘവും 87,000 രൂപ വാങ്ങിയെന്നാണ് പരാതി. എന്നാൽ നിയമന പട്ടികയിൽ റാണിഷ് മോളുടെ പേര് ഉണ്ടായിരുന്നില്ല.അന്വേഷിച്ചപ്പോൾ റാങ്ക് ലിസ്റ്റിൽ ഉണ്ടാകില്ലെന്നും രാഷ്ട്രീയ നിയമനത്തിനാണ് ശ്രമം നടത്തിയിരിക്കുന്നതെന്നുമുള്ള മറുപടിയാണ് സതീശനിൽ നിന്ന് കിട്ടിയതെന്ന് റാണിഷ് മോളും കുടുംബവും ആരോപിക്കുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് സതീശനും സംഘവും നാലേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിക്ക് പിന്നാലെയാണ് പുതിയ പരാതിയും എത്തിയത്. ഈ കേസിൽ 3 ലക്ഷം രൂപ മടക്കി നൽകി കേസിൽ നിന്ന് തടിയൂരാൻ സതീശൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ പരാതിയും വന്നത്. ആരോപണവിധേയനായ കൗൺസിലർ സതീശന് ഇപ്പോൾ പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്നും പാർട്ടിയിൽ നിന്ന് നേരത്തെ തന്നെ പുറത്താക്കിയതാണെന്നുമാണ് സിപിഎം വിശദീകരണം.