
കൊച്ചി: ബ്രഹ്മപുരത്തേക്ക് ഇനി കൊച്ചി കോർപറേഷനിലെ മാലിന്യങ്ങൾ മാത്രം. ബ്രഹ്മപുരത്തേക്ക് കൊച്ചി കോർപറേഷൻ ഒഴികെയുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ജൈവ മാലിന്യങ്ങൾ ഏപ്രിൽ 30 വരെ മാത്രമെ അനുവദിക്കൂ. മറ്റ് തദ്ദേശ സ്ഥാപനങ്ങൾ സ്വന്തമായി നിയമാനുസൃത ബദൽ സംവിധാനം കണ്ടെത്തണം. തദ്ദേശ - വ്യവസായ മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന നഗരസഭകളുടെ അവലോകന യോഗത്തിലാണ് തീരുമാനം.
കൊച്ചിയിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെയും മന്ത്രി പി രാജീവിന്റെയും നേതൃത്വത്തിൽ യോഗം ചേർന്നത്. ഇത് പ്രകാരം എടുത്ത തീരുമാനമാണ് കൊച്ചി കോർപറേഷൻ ഒഴികെയുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെ ജൈവമാലിന്യങ്ങൾ ബ്രഹ്മപുരത്തേക്ക് ഈ മാസം മുപ്പതാം തീയതി വരെ മാത്രമേ അനുവദിക്കൂ. അതിനുള്ളിൽ മറ്റ് തദ്ദേശ ഭരണ സ്ഥാപനങ്ങൾ സ്വന്തമായി നിയമാനുസൃതമായ ബദൽ സംവിധാനം കണ്ടെത്തണം.
ഒരു കാരണവശാലും എല്ലാ മാലിന്യങ്ങളും ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകുക എന്നത് അംഗീകരിക്കാനാകില്ല എന്ന തീരുമാനമാണ് മന്ത്രിമാരുടെ യോഗത്തിൽ എടുത്തിരിക്കുന്നത്. മാലിന്യ സംസ്കരണ സംവിധാനം കൊച്ചിയിൽ കർശനമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനകം തന്നെ 54 ലക്ഷം രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. പൊലീസ് പരിശോധന കർശനമാണ്. പൊതുനിരത്തിലും മറ്റും മാലിന്യം ഉപേക്ഷിക്കുന്നവർക്കെതിരെ ശക്തമായി നടപടിയുമായി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
കൊച്ചി നഗരത്തിൽ നിലവിലുള്ള പ്രതിസന്ധിയെ തുടർന്ന് അവശേഷിക്കുന്ന അജൈവമാലിന്യങ്ങൾ ഒറ്റത്തവണയായി നീക്കം ചെയ്യുന്നതിനുള്ള മാർഗവും അതിനുള്ള വഴികളും യോഗം ആലോചിക്കുന്നുണ്ട്. വഴിയരികിൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക് പിഴ ശക്തമാക്കാനും പൊലീസിന്റെ പരിശോധന വർദ്ധിപ്പിക്കാനും യോഗം നിർദ്ദേശിച്ചിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കുന്ന വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കാനും ഇന്നത്തെ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam