'ചെറുപ്പക്കാരുടെ ചോരയുടെയും വിയർപ്പിന്‍റെയും വിലയറിയാത്തവർക്കേ രണ്ടാം മാസം ഈ നിലയിൽ പ്രതികരിക്കാനാവൂ'; പി ജെ കുര്യനെതിരെ വിമർശനം

Published : Jul 10, 2026, 10:45 AM IST
bipin mammen p j kurien

Synopsis

വി ഡി സതീശൻ സർക്കാരിനെതിരെ മുതിർന്ന നേതാവ് പി ജെ കുര്യൻ നടത്തിയ 'യൂ ടേൺ' പരാമർശത്തിൽ കോൺഗ്രസിൽ വിമർശനം. കയ്യിലുള്ള പാർട്ടി ഭാരവാഹിത്വം രാജി വെച്ചിട്ട് വിമർശിക്കുന്നതാണ് ഉചിതമെന്ന് ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി ബിപിൻ മാമ്മൻ പ്രതികരിച്ചു.

ആലപ്പുഴ: വി ഡി സതീശൻ സർക്കാരിനെ വിമർശിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെതിരെ ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി ബിപിൻ മാമ്മൻ. കയ്യിലുള്ള പാർട്ടി ഭാരവാഹിത്വം രാജി വച്ചിട്ട് വിമർശിക്കുന്നതാണ് ഉചിതമെന്ന് ബിപിൻ മാമ്മൻ അഭിപ്രായപ്പെട്ടു. സാധാരണ പ്രവർത്തകരുടെ ചോരയുടെയും വിയർപ്പിന്റെയും വിലയറിയാത്തവർക്ക്‌ മാത്രമേ ഭരണത്തിൽ കയറി രണ്ടാം മാസം ഈ നിലയിൽ പ്രതികരിക്കാൻ സാധിക്കൂവെന്നും ബിപിൻ മാമ്മൻ പ്രതികരിച്ചു. വി ഡി സതീശൻ സർക്കാർ യൂ ടേണ്‍ സർക്കാരാണെന്ന് ജനം സംശയിച്ചാൽ കുറ്റ പറയാനാകില്ലെന്ന പി ജെ കുര്യന്‍റെ പരാമർശത്തിന് എതിരെയാണ് പ്രതികരണം.

കുറിപ്പിന്‍റെ പൂർണരൂപം

"കോൺഗ്രസിന്റെ അകത്തെ തർക്കത്തിൽ നാളിതുവരെ പരസ്യ പ്രതികരണം നടത്താത്ത ആളാണ് ഞാൻ. കഴിഞ്ഞ 10 വർഷത്തിനിടയിൽ നൂറിനു മുകളിൽ കേസിൽ പ്രതികളായ ചെറുപ്പക്കാർ ഈ നാട്ടിലുണ്ട്. പ്രതിപക്ഷത്തിരുന്നപ്പോഴെല്ലാം പോലീസ് മർദ്ദനത്തിന് ഇരയായവർ ആയിരക്കണക്കിന് ഉണ്ട്. അവരുടെ ചോരയുടെയും വിയർപ്പിന്റെയും ശാരീരിക ബുദ്ധിമുട്ടുകളുടെയും വിലയറിയാത്തവർക്ക്‌ മാത്രമേ ഭരണത്തിൽ കയറി രണ്ടാം മാസം ഈ നിലയിൽ പ്രതികരിക്കാൻ സാധിക്കൂ...

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംസ്ഥാനത്തെ എല്ലാ ഉന്നത സമിതികളിലും അംഗമായിരുന്നിട്ടും ഇങ്ങനെ പരസ്യമായി പറയാൻ വിശാല ജനാധിപത്യ സംസ്കാരത്തിന്റെ ആനുകൂല്യം ഈ പാർട്ടി എപ്പോഴും നൽകുന്നു എന്ന ന്യായം ഉണ്ടല്ലോ, അതുകൊണ്ട് കുഴപ്പമില്ല. എന്നിരുന്നാലും കയ്യിലുള്ള പാർട്ടി ഭാരവാഹിത്വം രാജി വച്ചിട്ട് പറയുന്നതാണ് ഉചിതം. അങ്ങനെയാകുമ്പോൾ പറയാൻ വേദിയില്ലാത്തതുകൊണ്ടാണ് പരസ്യ പ്രസ്താവന നടത്തുന്നത് എന്ന ന്യായം പറയാമല്ലോ"

പി ജെ കുര്യൻ പറഞ്ഞത്

ഊരാളുങ്കലിന് അന്വേഷണം പോലും നടത്താതെ ക്ലീൻചിറ്റ് കൊടുത്തത് തെറ്റാണെന്ന് പി ജെ കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിപക്ഷത്തിരുന്നപ്പോൾ അഴിമതി ആരോപണം ഉന്നയിച്ചതാണ്. പി എസ് സി ക്രമക്കേട് വിവാദത്തിൽ എസ്ഐടിയെ സർക്കാർ നിയോഗിക്കണം. അഴിമതിക്കാരെ ജയിലിൽ അടയ്ക്കണം. അല്ലെങ്കിൽ ഈ സർക്കാരിനെതിരെ ജനം തിരിയുമെന്നും പി ജെ കുര്യൻ പറഞ്ഞു.

ബന്ധു നിയമനത്തിൽ ഔചിത്യക്കുറവുണ്ടെന്നും പി ജെ കുര്യൻ വിമർശിച്ചു. സ്റ്റാഫ് നിയമനങ്ങളിൽ ഉൾപ്പെടെ പാർട്ടി പരിശോധന അനിവാര്യമാണ്. പാർട്ടി - സർക്കാർ ഏകോപനത്തിന് കമ്മിറ്റി അത്യാവശ്യമാണ്. വീര്യം കുറഞ്ഞ മദ്യ വിവാദത്തിൽ ആദ്യം യുഡിഎഫിൽ തീരുമാനക്കണമായിരുന്നുവെന്നും ഏത് നയവും പാർട്ടിയിലും യുഡിഎഫിലും ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും പി ജെ കുര്യൻ നിർദേശിച്ചു. കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം എന്നും കുര്യൻ ആവശ്യപ്പെട്ടു.

"ഈ സർക്കാരിനെ വലിയ പ്രതീക്ഷയോടെയാണ് ജനങ്ങൾ അധികാരത്തിലേറ്റിയത്. വാക്ക് പാലിക്കുന്ന സർക്കാരായിരിക്കും എന്ന പ്രതീക്ഷ ജനങ്ങൾക്കുണ്ട്. ചില കാര്യങ്ങളിൽ യൂ ടേണ്‍ ആണോയെന്ന് ജനങ്ങൾ സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല. ബന്ധു നിയമനമൊക്കെ നടക്കുമ്പോൾ ജനങ്ങൾ നെറ്റി ചുളിക്കും. സിപിഎമ്മിന്‍റെ പണത്തിന്‍റെ കേന്ദ്രം ഊരാളുങ്കലാണെന്ന് പറഞ്ഞ സ്ഥിതിക്ക് ഒരു അന്വേഷണം പോലും ഇല്ലാതെ സഭയിൽ ക്ലീൻ ചിറ്റ് കൊടുത്തത് ശരിയായില്ല"- എന്നാണ് പി ജെ കുര്യൻ പറഞ്ഞത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവം; 'ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്നുള്ള രീതിയിൽ സംസാരിക്കരുത്', രാ​ഗേഷിനെ തള്ളി പികെ ശ്രീമതി
'ഓമനിച്ച് കൊണ്ടുനടന്ന വണ്ടിയാണ്, നശിച്ചുപോകുന്നത് കാണുമ്പോൾ സങ്കടമുണ്ട്'; വനം വകുപ്പ് പിടിച്ചെടുത്ത ജെസിബി വിട്ടുകിട്ടുമെന്ന പ്രതീക്ഷയിൽ അജീഷ്