
തിരുവനന്തപുരം: ആദായനികുതി വകുപ്പ് പണം പിടിച്ചെടുത്ത സംഭവത്തിൽ പിടി തോമസ് എംഎൽഎയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങൾ തള്ളി ഉമ്മൻ ചാണ്ടി. കുടികിടപ്പ് സ്ഥലം വിൽക്കാനാവാതെ പ്രതിസന്ധിയിലായ സിപിഎം പ്രവർത്തകന്റെ കുടുംബത്തെ രാഷ്ട്രീയം നോക്കാതെ സഹായിക്കാൻ പോയ പിടി തോമസിനെ ക്രൂശിക്കാൻ നടത്തുന്ന വ്യാജപ്രചാരണം കാണ്ടാമൃഗത്തെപ്പോലും ലജ്ജിപ്പിക്കുന്നതാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
പരേതനായ ദിനേശന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള പിടി തോമസിന്റെ ശ്രമങ്ങള്‍ മാതൃകാപരമാണ്. ജനപ്രതിനിധികളും ഭരണാധികാരികളും ദന്തഗോപുരത്തില്‍ കഴിയേണ്ടവര്‍ അല്ലെന്നും അവര്‍ ജനങ്ങളോടൊപ്പം നില്ക്കുകയും നീതിക്കുവേണ്ടി പോരാടുകയും ചെയ്യേണ്ടവര്‍ ആണെന്നും ഉമ്മന്‍ ചാണ്ടി പ്രസ്താവനയിലൂടെ പറഞ്ഞു. പിടി തോമസിനെ ക്രൂശിക്കാൻ മത്സരിക്കുന്നവർ സ്ഥലത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സാന്നിധ്യം അറിയാതെ പോയതാണോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം വിമർശിച്ചു
ഉമ്മൻ ചാണ്ടിയുടെ വാർത്താക്കുറിപ്പ് -
നാല്പതുവര്‍ഷമായി മൂന്നു സെന്റ് കുടികിടപ്പു സ്ഥലം വില്ക്കാനാകാതെ ജീവിത പ്രതിസന്ധിയിലായ സിപിഎം പ്രവര്‍ത്തകന്‍ പരേതനായ ദിനേശന്റെ കുടുംബത്തെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സഹായിക്കാന്‍ സന്നദ്ധനായ പിടി തോമസ് എംഎല്‍എയെ ക്രൂശിക്കാന്‍ നടത്തുന്ന വ്യാജപ്രചാരണം കാണ്ടാമൃഗത്തെപ്പോലും ലജ്ജിപ്പിക്കുന്നതാണെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
കുടുംബത്തിന്റെ കമ്യൂണിസ്റ്റ് പാരമ്പര്യംപോലും കണക്കിലെടുക്കാതെ നിസ്വാര്‍ത്ഥമായി ഇടപെടുകയും പലരും ഇടപെട്ടിട്ടും നീണ്ടുപോയ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്ത പിടി തോമസിനെ മുഖ്യമന്ത്രിയും സിപിഎമ്മും അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്.
രാഷ്ട്രീയ അന്ധത ബാധിച്ച് പിടി തോമസിനെ കുടുക്കാന്‍ ശ്രമിച്ചവര്‍ പാവപ്പെട്ട കമ്യൂണിസ്റ്റ് കുടുംബത്തെ വഴിയാധാരമാക്കി. കേരളം കണ്ട ഏറ്റവും നീചമായ പ്രവൃത്തിയായിരുന്നു അത്.
എംഎല്‍എയുടെ സാന്നിധ്യം സംശയകരമെന്നു പറഞ്ഞ മുഖ്യമന്ത്രി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സാന്നിധ്യം അറിയാതെ പോയതാണോ അതോ മറച്ചുവച്ചതാണോ? കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായ ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു ദിനേശന്‍. അദ്ദേഹം നീതിക്കുവേണ്ടി മുട്ടാത്ത വാതിലുകളില്ല. പിണറായി വിജയന്‍ വരെയുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ദിനേശന്റ നിലവിളി കേട്ടില്ല. വ്രണിത ഹൃദയനായാണ് അദ്ദേഹം മരണമടഞ്ഞത്. അദ്ദേഹത്തിന്റെ കുടുംബം വലിയ ബുദ്ധിമുട്ട് നേരിടുന്നതു കണ്ടിട്ടാണ് അവരുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ എംഎല്‍എ വിഷയത്തില്‍ ഇടപെട്ടത്.
വഴിയാധാരമായ ഒരു പാര്‍ട്ടി കുടുംബത്തിന്റെ നിലവിളി മുഖ്യമന്ത്രി ഇനിയെങ്കിലും കേള്‍ക്കാതിരിക്കരുത്. ആ കുടുംബത്തിന് പിടി തോമസ് തയാറാക്കിയ പാക്കേജെങ്കിലും നടപ്പാക്കാന്‍ മുഖ്യമന്ത്രി തയാറാകണം.
ദിനേശന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള പിടി തോമസിന്റെ ശ്രമങ്ങള്‍ മാതൃകാപരമാണ്. ജനപ്രതിനിധികളും ഭരണാധികാരികളും ദന്തഗോപുരത്തില്‍ കഴിയേണ്ടവര്‍ അല്ലെന്നും അവര്‍ ജനങ്ങളോടൊപ്പം നില്ക്കുകയും നീതിക്കുവേണ്ടി പോരാടുകയും ചെയ്യേണ്ടവര്‍ ആണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam