വാളയാറിലെ പെണ്‍കുട്ടികളുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

By Web TeamFirst Published Oct 28, 2019, 5:12 PM IST
Highlights

പ്രതികളുടെ അഭിഭാഷകനായിരുന്നയാൾ ശിശുക്ഷേമസമിതിയുടെ തലപ്പത്ത് വന്നതിനെപ്പറ്റി മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. 
 

തിരുവനന്തപുരം: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. രണ്ട് പെൺകുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ കോടതി വെറുതെ വിട്ടുവെന്ന വാർത്ത ‍ഞെട്ടിക്കുന്നതാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 

സഹോദരിമാരിലെ മൂത്തയാളുടെ മരണം പൊലീസ് ​ഗൗരവത്തോടെ അന്വേഷിച്ചിരുന്നുവെങ്കിൽ ഇളയമകളെങ്കിലും രക്ഷപ്പെടുമായിരുന്നുവെന്നാണ് മരിച്ച കുട്ടികളുടെ അമ്മ പറയുന്നത്. പൊലീസിന്റേയും പ്രോസിക്യൂഷന്റേയും അഭാവമാണ് പ്രതികളെ കോടതി വിട്ടയക്കാൻ കാരണമായതെന്നും ഉമ്മൻ ചാണ്ടി  കുറ്റപ്പെടുത്തി. പ്രതികളുടെ അഭിഭാഷകനായിരുന്നയാൾ ശിശുക്ഷേമസമിതിയുടെ തലപ്പത്ത് വന്നതിനെപ്പറ്റി മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. 

ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

വാളയാറിൽ ചെറുപ്രായമുള്ള രണ്ട് പെൺകുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ നീതിന്യായ കോടതി വെറുതെ വിട്ടെന്ന വാർത്ത ഏറെ ഞെട്ടിക്കുന്നതാണ്. തെളിവുകളുടെ അഭാവമാണ് പ്രതികളെ വിട്ടയക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. സുതാര്യമായ രീതിയിൽ പോലീസ് അന്വേഷണം നടന്നിരുന്നെങ്കിൽ ഇളയ മകൾ എങ്കിലും മരണത്തിൽ നിന്നും രക്ഷപ്പെട്ടേനെ എന്നാണ് കുട്ടികളുടെ അമ്മ പറയുന്നത്. 

പോലീസിന്റേയും പ്രോസിക്യൂഷന്റേയും അനാസ്ഥ ഒന്ന് മാത്രമാണ് ഈ കുടുംബത്തെ കണ്ണീരിലാഴ്ത്തിയത്. കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ചൈൽഡ്‌ വെൽഫെയർ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് പ്രതിഭാഗം അഡ്വക്കേറ്റിനെ നിയമിച്ചതും പ്രതികളെ പോലീസ് സ്‌റ്റേഷനിൽ നിന്നും ഇറക്കിക്കൊണ്ട് പോയത് അരിവാൾ പാർട്ടിക്കാരാണെന്നുമുള്ള മരിച്ച കുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തലും കൂട്ടി വായിക്കുമ്പോൾ സർക്കാർ സംവിധാനങ്ങളുടെ സഹായം ഇരകൾക്കല്ല പ്രതികൾക്കാണ് കിട്ടിയത് എന്നത് പകൽ പോലെ വ്യക്തമാണ്. പ്രകടമായ ഗുരുതര വീഴ്ചകളെ മന്ത്രിമാർ പോലും അംഗീകരിക്കുന്നു. പ്രോസിക്യൂഷന്റെയും പോലീസിന്റെയും ഗുരുതരമായ വീഴ്ചകളിന്മേലുള്ള മുഖ്യമന്ത്രിയുടെ നിശബ്ദത ജനങ്ങളെ അത്ഭുതപ്പെടുത്തുന്നു.

കേസ് അന്വേഷണത്തിൽ പോലീസും കോടതിയിലെ കേസ് നടത്തിപ്പിൽ പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ചകളാണ് വരുത്തിയിട്ടുള്ളത്. ഏറ്റവുമധികം പരിഗണന ലഭിക്കേണ്ട ദളിത് വിഭാഗത്തിലെ പതിമൂന്നും ഒൻപതും വയസ്സുകൾ മാത്രം പ്രായമുണ്ടായിരുന്ന പിഞ്ചു കുഞ്ഞുങ്ങൾ ക്രൂരമായ പീഢനത്തിന് ഇരയാവുകയും ദാരുണമായി മരണപ്പെടുകയും ചെയ്ത അതീവ ഗുരുതരമായ ഈ കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടണമെങ്കിൽ സിബിഐ അന്വേഷണം നടത്തുക തന്നെ വേണം.

click me!