പ്രവാസികളുടെ മടക്കം: പിപിഇ കിറ്റും പ്രായോ​ഗികമല്ലെന്ന് ഉമ്മൻ ചാണ്ടി

By Web TeamFirst Published Jun 24, 2020, 12:39 PM IST
Highlights

അതിഥി തൊഴിലാളികൾക്കുള്ള പരി​ഗണന പോലും പ്രവാസികൾക്ക് നൽകിയില്ല. ഇവിടെ ജയവും തോൽവിയുമല്ല വിഷയം. സർക്കാർ നിർദ്ദേശം പ്രായോ​ഗികമാണോ എന്ന് നോക്കണം. പ്രവാസികൾക്കുള്ള പിപിഇ കിറ്റിന്റെ ചെലവ് സർക്കാർ വഹിക്കണമെന്നും ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: പ്രവാസികളോട് സംസ്ഥാന സർക്കാർ നീതി കാണിച്ചില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപിച്ചു. അതിഥി തൊഴിലാളികൾക്കുള്ള പരി​ഗണന പോലും പ്രവാസികൾക്ക് നൽകിയില്ല. ഇവിടെ ജയവും തോൽവിയുമല്ല വിഷയം. സർക്കാർ നിർദ്ദേശം പ്രായോ​ഗികമാണോ എന്ന് നോക്കണം. പ്രവാസികൾക്കുള്ള പിപിഇ കിറ്റിന്റെ ചെലവ് സർക്കാർ വഹിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

പ്രവാസികളെ നാട്ടിലെത്തിക്കാനല്ല അവരെ നിരുത്സാഹപ്പെടുത്താൻ ആണ് സർക്കാർ ശ്രമിച്ചത്. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ പ്രയോഗികമാണോ എന്ന് പരിശോധിക്കണം. പി പി ഇ കിറ്റ് സുഗമമായി ലഭിക്കുമോ?പ്രവാസികൾക്ക് അത് താങ്ങാൻ സാധിക്കുമോ? തുടക്കം മുതൽ പ്രവാസികൾ വരേണ്ട എന്നതാണ് സർക്കാർ നിലപാട്. മരണ സംഖ്യ കൂടുന്ന സമയത്തും അവരുടെ വരവ് മുടക്കാൻ സർക്കാർ ശ്രമിച്ചു. ഈ കാര്യങ്ങളിൽ അടിയന്തര നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 

ജാഗ്രത നിലനിർത്തി പ്രായോഗികമായ കാര്യങ്ങൾ ചെയ്ത് പ്രവാസികളെ കൊണ്ടു വരണം. കൊവിഡിന്റെ ജാഗ്രതയുടെ കാര്യത്തിൽ മത്സരത്തിനില്ല. പ്രതിപക്ഷം ജനങ്ങൾക്ക് ഒപ്പമാണ്. ഓരോ രാജ്യങ്ങളിലെയും നിയമങ്ങൾ പരിശോധിച്ചു വേണം നടപടികൾ എന്ന് പ്രതിപക്ഷം പറഞ്ഞതാണ്. സർക്കാരിന്റെ നടപടികൾ പ്രായോഗികമല്ല എന്നും പ്രതിപക്ഷം പറഞ്ഞതാണ്.  അത് സർക്കാർ ചെവിക്കൊണ്ടില്ല. സർക്കാരിന്റെ മുഖം രക്ഷിക്കാനാണ് പി പി ഇ കിറ്റ് കൊണ്ട് വരുന്നത്. സർക്കാർ എന്ത് കൊണ്ട് ചാർട്ടേഡ് വിമാനങ്ങളിൽ പ്രവാസികളെ എന്ത് കൊണ്ട് എത്തിക്കുന്നില്ല? സർക്കാർ തീരുമാനം സ്വാഗതം ചെയ്യാൻ ആയിട്ടില്ല. തുടക്കം മുതൽ തന്നെ സർക്കാരിന്റേത് തെറ്റായ തീരുമാനമാണ്. തുടക്കം മുതൽ തീരുമാനം തെറ്റിയതിന്റെ ജാള്യത പി പി ഇ കിറ്റ് വച്ച് മറക്കാൻ ഉള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 

click me!