
തിരുവനന്തപുരം: ബാലാവകാശ കമ്മീഷ അധ്യക്ഷ സ്ഥാനത്ത് സിപിഎം നോമിനി കെ വി മനോജ്കുമാറിനെ നിയമിച്ച് സർക്കാർ. ജില്ലാ ജഡ്ജിമാരെ അടക്കം മറികടന്നാണ് തലശ്ശേരിയിലെ മുൻ പിടിഎ അംഗത്തെ സർക്കാർ നിയമിച്ചത്. മനോജ് കുമാറിനെ നിയമിക്കാനായി യോഗ്യതയിലും ഇളവ് വരുത്തിയിരുന്നു.
സ്വജനപക്ഷപാതമെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് വിമർശനങ്ങൾ മറികടന്നുള്ള മനോജ്കുമാറിന്‍റെ നിയമനം. പോക്സോ വിധികളിലൂടെ ശ്രദ്ധേയനായ കാസർകോട് ജില്ലാ ജഡ്ജി എസ് എച്ച് പഞ്ചാപകേശൻ, മറ്റൊരു ജഡ്ജി ടി ഇന്ദിര എന്നിവരെയും മറ്റ് അരഡസൻ ബാലാവകാശ പ്രവർത്തകരെയും തഴഞ്ഞാണ് യോഗ്യതയിൽ പിന്നിൽ നിന്ന കെ വി മനോജ്കുമാറിനെ നിയമിക്കുന്നത്. പിടിഎ പ്രവർത്തനമാണ് പ്രധാന യോഗ്യതയായി മനോജ്കുമാർ സാമൂഹ്യനീതി വകുപ്പിനെ അറിയിച്ചത്. സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ നേതൃത്വം നൽകിയ അഭിമുഖ പാനലാണ് യോഗ്യരെ മറികടന്ന് മനോജിനെ ഒന്നാമനാക്കിയത്. പിന്നാലെ ഇപ്പോൾ മന്ത്രിസഭാ അംഗീകാരവും.
ചീഫ് സെക്രട്ടറി റാങ്കിൽ വേതനം ലഭിക്കുന്ന അർദ്ധജുഡീഷ്യൽ അധികാരങ്ങളുള്ള അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ആകമാനം അസ്വാഭാവികതകൾ പ്രകടമായിരുന്നു. കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രവൃത്തി പരിചയവും ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നേടിയവരും അപേക്ഷിക്കണമെന്ന മാനദണ്ഡം സർക്കാർ മാറ്റം വരുത്തിയതും ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. കമ്മീഷൻ അംഗങ്ങൾക്കുള്ള യോഗ്യത പോലും അധ്യക്ഷന് നിർദ്ദേശിക്കാതെയാണ് മനോജിന്‍റെ നിയമനം.
ഗവണ്‍മെന്‍റ് സെക്രട്ടറി തലത്തിലോ അതിന് മേലെയോ പ്രവർത്തിച്ച ട്രാക്ക് റിക്കോർഡ് അല്ലെങ്കിൽ കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ പരിചയവും ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങളും എന്നിങ്ങനെയായിരുന്നു 2017വരെ അധ്യക്ഷ പദവിക്ക് അടിസ്ഥാനമാക്കിയ യോഗ്യതകൾ എന്നാൽ ഇത്തവണ സർക്കാർ രണ്ടും ഒഴിവാക്കി പകരം പേഴ്സണ്‍ ഓഫ് എമിനൻസ് എന്ന പ്രയോഗത്തിൽ യോഗ്യതാ മാർഗനിർദ്ദേശങ്ങൾ ദുർബലപ്പെടുത്തി.
അങ്ങനെ ജില്ലാ ജഡ്ജിമാരെയും അരഡസൻ ബാലാവകാശ പ്രവർത്തകരെയും മറികടന്ന് തലശേരിയിലെ മുൻ പിടിഎ അംഗം കെ വി മനോജ്കുമാറിനെ ഒന്നാംറാങ്കുകാരനാക്കി. ഇനി കോടതിയിൽ എത്തിയാലും പേഴ്സണ്‍ ഓഫ് എമിനൻസ് എന്ന പ്രധാന മാനദണ്ഡം സർക്കാരിന് ഇഷ്ടം പോലെ വ്യാഖ്യാനിക്കാം.
ഇനി കമ്മീഷൻ അംഗമാകാനുള്ള മാർഗനിർദ്ദേശം നോക്കാം, കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ പത്ത് വർഷത്തെ പരിചയമാണ് പ്രധാനം. അംഗത്തിന് വേണ്ട യോഗ്യത പോലും അധ്യക്ഷന് ബാധകമല്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam