'സിപിഎമ്മും കേന്ദ്രവുമായി ചങ്ങാത്തം കൂടൽ', സോളാർ പീഡനക്കേസ് നീക്കത്തിൽ ഉമ്മൻചാണ്ടി

By Web TeamFirst Published Jan 24, 2021, 9:13 PM IST
Highlights

വേങ്ങര ഉപതെരഞ്ഞെടുപ്പ് നടന്ന ദിവസം എനിക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചല്ലോ? എന്തായി? സോളാർ കമ്മീഷന്‍റെ കൈവിട്ട നീക്കങ്ങൾ ഞങ്ങൾ ചൂണ്ടിക്കാണിച്ചത് ശരിയെന്ന് ഹൈക്കോടതി പറഞ്ഞില്ലേ? അപ്പീൽ പോകാത്തതെന്ത്? പരാതിക്കാരിയുടെ എനിക്കെതിരെ കേസ് കൊടുത്ത് രണ്ട് വർഷമായില്ലേ? സർക്കാരിന്‍റെ കൈ ആര് പിടിച്ചു?

തിരുവനന്തപുരം: തനിക്കെതിരെ അടക്കം സോളാർ പീഡനക്കേസുകൾ റജിസ്റ്റർ ചെയ്തിട്ടും, രണ്ട് വർഷം സർക്കാരിന്‍റെ കൈകൾ ആരെങ്കിലും പിടിച്ചുവച്ചിരിക്കുകയായിരുന്നോ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ജാമ്യമില്ലാത്ത വകുപ്പുകൾ അടക്കം ചുമത്തിയാണ് തനിക്ക് അടക്കം എതിരെ കേസെടുത്തത്. ഞങ്ങളാരും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലോ മറ്റ് കോടതികളിലോ പോയിട്ടില്ല. ചെയ്യാത്ത തെറ്റുകളെ ഞങ്ങളെന്തിന് ഭയക്കണം? ‌ഞങ്ങൾ നിർഭയരായിരുന്നു. രണ്ട് വർഷം ഒന്നും ചെയ്യാതെ, ഇപ്പോൾ അഞ്ച് വർഷം പൂർത്തിയാക്കി അധികാരമൊഴിയാനിരിക്കുമ്പോൾ കേസ് സിബിഐയ്ക്ക് വിടുന്നത് കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായുള്ള ചങ്ങാത്തം കൂടലാണെന്നും ഉമ്മൻചാണ്ടി ആരോപിച്ചു. അതേസമയം, കേസ് തന്നെ കെട്ടിച്ചമച്ചതാണെന്ന് താൻ പറയുമ്പോൾ ജോസ് കെ മാണി മാത്രം കുറ്റക്കാരനാണെന്ന് പറയുന്നില്ലെന്നും, ഉമ്മൻചാണ്ടി പറയുന്നു. 

Read more at: '5 വർഷമായി, എന്നിട്ടിപ്പോഴല്ലേ?', സോളാർ പീഡന കേസ് സിബിഐയ്ക്ക് വിടുമ്പോൾ ഉമ്മൻചാണ്ടി

വേങ്ങര ഉപതെരഞ്ഞെടുപ്പും, സോളാർ കമ്മീഷനെതിരായ ഹൈക്കോടതി ഉത്തരവും, സോളാർ പീഡനക്കേസുകളിൽ നടപടി വൈകിയതും എണ്ണിയെണ്ണിപ്പറഞ്ഞായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി.  ''വേങ്ങര ഉപതെരഞ്ഞെടുപ്പ് നടന്ന ദിവസം എനിക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചല്ലോ? എന്തായി? സോളാർ കമ്മീഷന്‍റെ കൈവിട്ട നീക്കങ്ങൾ ഞങ്ങൾ ചൂണ്ടിക്കാണിച്ചത് ശരിയെന്ന് ഹൈക്കോടതി പറഞ്ഞില്ലേ? അപ്പീൽ പോകാത്തതെന്ത്? ഹൈക്കോടതിയിൽ കമ്മീഷന്‍റെ പരിധി വിട്ട നീക്കങ്ങൾ ഞങ്ങൾ ചൂണ്ടിക്കാണിച്ചത് ശരിയെന്ന് ഹൈക്കോടതി പറഞ്ഞു. ഒരു കത്തിനെച്ചൊല്ലിയാണ് ആ കോലാഹലം മുഴുവനുണ്ടായത്. അത് നീക്കണമെന്ന് ഹൈക്കോടതി പറഞ്ഞില്ലേ? ആ വിധിയെച്ചൊല്ലി വിയോജിപ്പുണ്ടായെങ്കിൽ എന്തുകൊണ്ട് സർക്കാർ പോയില്ല? ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിയെ എവിടെയും സർക്കാർ എതിർത്തില്ലല്ലോ? അപ്പീൽ കൊടുക്കാതെ അംഗീകരിച്ചില്ലേ? പരാതിക്കാരിയുടെ എനിക്കെതിരെ കേസ് കൊടുത്ത് രണ്ട് വർഷമായില്ലേ? സർക്കാരിന്‍റെ കൈ ആര് പിടിച്ചു?'' ഉമ്മൻചാണ്ടി ചോദിച്ചു. 

''പരാതിക്കാരി എനിക്കെതിരെ 22.10.2018-ൽ ഒരു ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തില്ലേ? ഞങ്ങളാരും നിയമപരമായ നടപടിക്ക് പോയില്ലല്ലോ? ഞങ്ങളാരും മുൻകൂർ ജാമ്യം തേടിയില്ലല്ലോ. എന്നിട്ടും രണ്ട് കൊല്ലം ഒന്നും ചെയ്തില്ലല്ലോ. ആര് ഈ സർക്കാരിന്‍റെ കൈ പിടിച്ചു? ഈ സർക്കാരിന് പൂർണസ്വാതന്ത്ര്യമുണ്ടായില്ലേ? എന്നിട്ടും ഒന്നും ചെയ്യാതിരുന്നതല്ലേ?'', എന്നും ഉമ്മൻചാണ്ടി. 

ഈ നടപടി സർക്കാരിന് തന്നെ തിരിച്ചടിയാകും എന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് പറയുന്നു ഉമ്മൻചാണ്ടി. ''മൂന്ന് ഡിജിപിമാരുടെ കാലത്താ ഈ കേസ് അന്വേഷിച്ചത്. എന്നിട്ടും ഒരു നടപടിയുമെടുക്കാൻ പറ്റിയില്ല. എന്നാലും ഒരു അടവ് പയറ്റി നോക്കുകയാണ്. ഒന്നും നടക്കാൻ പോകുന്നില്ല'', എന്നും ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

Read more at: 'സംവാദത്തിന് തയ്യാർ', ഉമ്മൻചാണ്ടിയെ വെല്ലുവിളിച്ച് പരാതിക്കാരി, ജോസ് കെ മാണിയെ ഒഴിവാക്കിയിട്ടില്ല

click me!