Asianet News MalayalamAsianet News Malayalam

'സംവാദത്തിന് തയ്യാർ', ഉമ്മൻചാണ്ടിയെ വെല്ലുവിളിച്ച് പരാതിക്കാരി, ജോസ് കെ മാണിയെ ഒഴിവാക്കിയിട്ടില്ല

ജോസ് കെ മാണിയെ പരാതിയിൽ നിന്ന് ഒഴിവാക്കിയെന്ന തരത്തിലുള്ള ആരോപണങ്ങൾ തെറ്റാണ്. ജോസ് കെ മാണിക്കെതിരെയുള്ള പരാതിയിൽ എഫ്ഐആ‌ർ ഇട്ടിട്ടില്ല. അതുകൊണ്ടാണ് ജോസ് കെ മാണിക്കെതിരെ ഇപ്പോൾ സിബിഐ അന്വേഷണം ആവശ്യപ്പെടാതിരുന്നത്.

solar sexual assault case victim responds challenges oommen chandy for open discussion
Author
Thiruvananthapuram, First Published Jan 24, 2021, 7:22 PM IST

തിരുവനന്തപുരം: താനുമായി ബന്ധമില്ല എന്ന് പറയുന്ന ഉമ്മൻചാണ്ടിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് സോളാർ കേസിലെ പരാതിക്കാരി. ''തന്നെ അറിയില്ല, ബന്ധമില്ല എന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറയുന്നത്. അതുകൊണ്ട് തന്നെ ചോദിക്കുകയാണ്, പരസ്യസംവാദത്തിന് തയ്യാറുണ്ടോ?'', പരാതിക്കാരി ചോദിക്കുന്നു. ജോസ് കെ മാണിക്കെതിരെ സിബിഐ അന്വേഷണം തേടാത്തത് എന്തെന്ന ചോദ്യത്തിന് ജോസിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ലെന്നും, അങ്ങനെ ചെയ്താൽ ജോസ് കെ മാണിയെയും സിബിഐ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെടുമെന്നും പരാതിക്കാരി പറയുന്നു.

''16 പേർക്കെതിരെയാണ് താൻ പരാതി നൽകിയത്. എഫ്ഐആർ ഇട്ടത് 8 കേസുകളിൽ മാത്രമാണ്. ജോസ് കെ മാണിക്ക് എതിരായ കേസിലും ഉറച്ചു നിൽക്കുന്നുണ്ട്. ജോസ് കെ മാണിക്ക് എതിരെയുള്ള പരാതിയിൽ എഫ്ഐആർ ഇട്ടാൽ ജോസ് കെ മാണിക്കെതിരെയും സി ബി ഐ അന്വേഷണം ആവശ്യപ്പെടും'', എന്ന് പരാതിക്കാരി. 
 
തനിക്ക് ഈ കേസിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് പരാതിക്കാരി പറയുന്നു. ഈ കേസിൽ സംസ്ഥാനപൊലീസിന് പല പരിമിതികളുമുണ്ട്. ദില്ലിയിലടക്കം എത്തി പല കാര്യങ്ങളും അന്വേഷിക്കേണ്ടതാണ്. മൊഴിയെടുക്കേണ്ടതാണ്. ഇത് സംസ്ഥാനപൊലീസിന് കഴിയില്ല. അതിനാൽ കേന്ദ്ര ഏജൻസി അന്വേഷിക്കുന്നത് തന്നെയാണ് ഉചിതമെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. ഈ സർക്കാരിലുള്ള വിശ്വാസക്കുറവ് മൂലമല്ല സിബിഐ അന്വേഷണം വേണം എന്ന് ആവശ്യപ്പെടുന്നത്. നശിപ്പിച്ച രേഖകൾ അടക്കം കണ്ടെത്തണമെങ്കിൽ കേന്ദ്ര ഏജൻസികൾ വേണം. 

എട്ട് വർഷമായി അബ്ദുള്ളക്കുട്ടിക്ക് എതിരായ പരാതിയിൽ ഒരു നടപടിയുമില്ലെന്ന് പരാതിക്കാരി പറയുന്നു. പൊലീസ് അന്വേഷണത്തിൽ പല വീഴ്ചകളും വന്നിട്ടുണ്ട്. പ്രതിപക്ഷം എപ്പോഴും പറയുന്ന മറുപടിയാണ് രാഷ്ട്രീയ പ്രേരിതം ആണെന്നത്. മുഖ്യമന്ത്രിക്ക് നൽകിയത് അപേക്ഷയാണ്. ഈ മാസം പന്ത്രണ്ടാം തീയതിയാണ് താൻ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. അതിന് ശേഷമാണ് ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനാക്കിയത്. അതും ഇതുമായി യാതൊരു ബന്ധവുമില്ല - പരാതിക്കാരി പറയുന്നു. 

Follow Us:
Download App:
  • android
  • ios