
തിരുവനന്തപുരം: വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ 3148.18 കോടി രൂപ നഷ്ടം വരുത്തിയിട്ട് (സാമ്പത്തിക അവലോകനം 2020, പേജ് 180) പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കിയെന്ന് കോടിക്കണക്കിനു രൂപ മുടക്കി പ്രചാരിപ്പിക്കുന്ന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളുടെ കൂട്ടനിയമനം നടത്തിയതും കെടുകാര്യസ്ഥതയുമാണ് കേരളത്തിന്റെ ചരിത്രത്തില്‍പോലും കേട്ടുകേഴ്‌വിയില്ലാത്ത പതനത്തിന്റെ കാരണം. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളുടെ ചെലവില്‍ സര്‍ക്കാര്‍ പൊള്ളയായ പ്രചാരണങ്ങളുടെ കെട്ടഴിച്ചുവിട്ടിരിക്കുകയാണ്.
ആരോഗ്യമേഖലയില്‍ കേരളം ഒന്നാമതാണെന്നു പ്രചരിപ്പിക്കുമ്പോള്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ട് രാജ്യത്തെ കൊവിഡ് രോഗികളുടെ പകുതിയും ഇപ്പോള്‍ കേരളത്തിലാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും പ്രതിദിന കേസുകളിലും പ്രതിദിന മരണത്തിലും കേരളം ഒന്നാമതാണ്. ഇടതുസര്‍ക്കാര്‍ രണ്ടര ലക്ഷം വീടുകള്‍ നല്കിയപ്പോള്‍ യുഡിഎഫ് 4.43 ലക്ഷം വീടുകള്‍ നല്കി. യുഡിഎഫ് 245 പാലങ്ങള്‍ നിര്‍മിച്ചപ്പോള്‍ എല്‍ഡിഎഫ് ഏതാനും പാലങ്ങള്‍ തീര്‍ത്ത് ആഘോഷമാക്കി.
ആകെ 19,072 കോടി രൂപ സമാഹരിച്ചശേഷമാണ് 60,000 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബി വഴി നടപ്പാക്കിയതെന്നു പ്രചരിപ്പിക്കുന്നത്. എല്‍ഡിഎഫിന്റെ പിഎസ് സി നിയമനം 1,55,544 ആണെങ്കില്‍ യുഡിഎഫിന്റേത് 1,58,680 ആണ്. യുഡിഎഫ് കാലത്ത് ക്ഷേമപെന്‍ഷന്‍ 600 രൂപയായിരുന്നത് 1600 രൂപയാക്കി എന്നാണ് ഇടതുപക്ഷത്തിന്റെ ആക്ഷേപം. എന്നാല്‍ യുഡിഎഫ് കാലത്ത് 75 വയസ് കഴിഞ്ഞവര്‍ക്ക് 1500 രൂപ വരെ പെന്‍ഷനുണ്ടായിരുന്നു.
80 ശതമാനത്തിനു മുകളില്‍ വൈകല്യമുള്ളവര്‍ക്ക് 1100 രൂപയും അതില്‍ താഴെയുള്ളവര്‍ക്ക് 800 രൂപയുമായിരുന്നു. 50 വയസുകഴിഞ്ഞ അവിവാഹിതര്‍ക്കും അനാഥാലയങ്ങളിലുള്ളവര്‍ക്കും 800 രൂപ. ഇരട്ടപെന്‍ഷന്‍ എന്നു പറഞ്ഞ് ക്ഷേമനിധി വിഹിതം അടച്ച് ചെറിയ പെന്‍ഷന്‍ വാങ്ങിയവരെ പുറത്താക്കിയെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam