
തിരുവനന്തപുരം: മൗലികാവകാശവും മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും അപകടത്തിലാക്കുന്ന പൊലീസ് നിയമഭേദഗതി നടപ്പാക്കാന്‍ പാടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഴിമതിയുടെയും ആരോപണങ്ങളുടെയും ശരശയ്യയിലായ പിണറായി സര്‍ക്കാര്‍ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. അതു കേരളത്തില്‍ വിലപ്പോകില്ല. ഇതിനെതിരേ ശക്തമായ നിയമപോരാട്ടവും ജനങ്ങളെ സംഘടിപ്പിച്ച് രാഷ്ട്രീയപോരാട്ടവും നടത്തുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനുള്ള നിയമം എന്നു പ്രചരിപ്പിച്ചാണ് മാധ്യമസ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കുന്ന കരിനിയമം കൊണ്ടുവന്നത്. എല്ലാത്തരം വിനിമയ ഉപാധികളും ഇപ്പോള്‍ ഇതിന്റെ പരിധിയില്‍ വരും. ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസിന് നേരിട്ട് എടുക്കാവുന്ന കോഗ്നിസിബിള്‍ കേസാണിത്. വാറന്റില്ലാതെ കേസെടുക്കാനും പരാതിയില്ലെങ്കിലും പൊലീസിനു സ്വമേധയാ കേസെടുക്കാനും സാധിക്കും. മൂന്ന് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം.
അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും വേണ്ടി ദേശീയ തലത്തില്‍ വരെ വാതോരാതെ പ്രചാരണം നടത്തുന്ന പാര്‍ട്ടിയാണ് സിപിഎം. നിരവധി കരിനിയമങ്ങള്‍ക്കെതിരേ അവര്‍ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ആ നിയമങ്ങളെയെല്ലാം വെല്ലുന്നതാണ് പിണറായി സര്‍ക്കാരിന്റെ പുതിയ പൊലീസ് നിയമം. സമനില തെറ്റിയതുപോലെയും വെറളിപിടിച്ചതുപോലെയുമാണ് സര്‍ക്കാരിന്റെ ഓരോ നടപടിയുമെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam