
കോട്ടയം: സാമൂഹിക പെന്‍ഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വസ്തുതകള്‍ മറച്ചുവച്ച് പ്രചാരണം നടത്തുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാര്‍ രണ്ടാം വര്‍ഷം വരുത്തിയ വര്‍ധന മാത്രം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ എട്ടുകാലി മമ്മൂഞ്ഞെന്നു വിളിച്ചത്. 2013, 2014,2016 വര്‍ഷങ്ങളില്‍ വരുത്തിയ വര്‍ധന മുഖ്യമന്ത്രി മറച്ചുപിടിച്ചു. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പരസ്യമായി കിടക്കുന്ന വസ്തുതകള്‍ എന്തിനാണ് മറച്ചുവയ്ക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു.
മുഖ്യമന്ത്രിയുടെ പത്രസമ്മേളം കൂടാതെ ഔദ്യോഗിക പേജുകളിലും യുഡിഎഫ് 2011- 2016 വരെ 600 രൂപ മാത്രമാണ് പെന്‍ഷന്‍ നല്കിയത് എന്നാണ് പ്രചരിപ്പിക്കുന്നത്. സാമൂഹികക്ഷേമ വകുപ്പ് 2014ല്‍ പുറപ്പെടുവിച്ച ഉത്തരവ് (സാധാ) നം 571/2014/ സാനീവ, 10.9.2014) ഇതിലെ കള്ളത്തരം പൊളിച്ചടുക്കുന്നു. ഇതനുസരിച്ച് അഗതി (വിധവ) പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസു കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ 2014 മുതല്‍ 800 രൂപയാക്കി.
അനാഥാലയങ്ങള്‍/ വൃദ്ധ സദനങ്ങള്‍/ യാചക മന്ദിരങ്ങള്‍/ വികലാംഗര്‍ക്കവേണ്ടിയുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കു നല്കുന്ന പ്രതിമാസ ഗ്രാന്റ് 800 രൂപ. 80 ശതമാനത്തിനു മുകളില്‍ വൈകല്യമുള്ളവര്‍ക്കു നല്കുന്ന വികലാംഗ പെന്‍ഷന്‍ 1,100 രൂപ. 80 വയസിനു മുകളിലുള്ളവര്‍ക്ക് നല്കുന്ന വാര്‍ധക്യകാല പെന്‍ഷന്‍ 1,200 രൂപ. 80ല്‍ താഴെയുള്ളവരുടെ വാര്‍ധക്യകാല പെന്‍ഷന്‍ 500ല്‍ നിന്ന് 600 ആക്കി. 800 രൂപയില്‍ താഴെ പെന്‍ഷനുള്ളത് ഈ വിഭാഗത്തിനു മാത്രമാണ്.
2016ല്‍ 75 വയസു കഴിഞ്ഞ വൃദ്ധജനങ്ങളുടെ വാര്‍ധക്യകാല പെന്‍ഷന്‍ കുത്തനെ കൂട്ടി 1500 രൂപയാക്കി. ഇടതുസര്‍ക്കാരിന്റെ കാലത്ത് 300 രൂപയായിരുന്ന സാമൂഹ്യപെന്‍ഷന്‍ യുഡിഎഫ് 800 രൂപയാക്കി. 2011ല്‍ 14 ലക്ഷം പേര്‍ക്ക് നല്കിയിരുന്ന സാമൂഹ്യപെന്‍ഷന്‍ യുഡിഎഫ് 34 ലക്ഷം പേര്‍ക്കു നല്കി. ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും അര്‍ഹതാ മാനദണ്ഡങ്ങള്‍ക്കു വിധേയമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ചു( ജിഒ (എംഎസ്) 52/2014, 20.6.2014).
എന്നാല്‍ ഇത് എല്‍ഡിഎഫ് നിര്‍ത്തലാക്കി. ഇടതുസര്‍ക്കാര്‍ ഒരോ വര്‍ഷവും 100 രൂപ വര്‍ധിപ്പിച്ചതിനേക്കാള്‍ നേട്ടം യുഡിഎഫിന്റെ കാലത്ത് ഒന്നിലധികം പെന്‍ഷന്‍ ലഭിച്ചവര്‍ക്ക് കിട്ടിയിരുന്നു. സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗങ്ങള്‍ക്കു നല്കിയ പ്രത്യേക പരിഗണനയായിരുന്നു അതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam