തിരുവനന്തപുരം: ആദ്യ ഘട്ട തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് തീരും. കൊട്ടിക്കലാശമില്ലെങ്കിലും പരമാവധി വോട്ടുറപ്പിക്കാൻ സ്ഥാനാർത്ഥികളും നേതാക്കളും രംഗത്തിറങ്ങും. സൈബർ ഇടങ്ങളിലടക്കം വാക് പോര് കടുപ്പിച്ചാണ് മുന്നണികളുടെ ഏറ്റുമുട്ടൽ.
കടന്ന് പോകന്നത് ഒട്ടും പരിചിതമല്ലാത്തെ പ്രചാരണകാലം. നാടാകെ ഇളക്കിമറിച്ചുള്ള റാലികളും റോഡ് ഷോകളുമില്ലാതെ മഹാമാരിക്കാലത്തെ വോട്ടെടുപ്പ്. പക്ഷേ കൊവിഡിലും തളരാത്ത പോരാട്ടവീര്യമാണ് സംസ്ഥാനത്തുടനീളം കണ്ടത്. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ദേശീയ അന്വേഷണ ഏജൻസികൾ, പ്രതിപക്ഷനേതാവിനും എംഎൽഎമാർക്കുമെതിരെ സംസ്ഥാന ഏജൻസികൾ. സ്വർണ്ണക്കടത്തും ലൈഫ് മിഷൻ അഴിമതിയും സിഎജി പരിശോധനയും യുഡിഎഫ് വെൽഫെയർ ബന്ധങ്ങളും ബിജെപിയിലെ പോരുമടക്കം രാഷ്ട്രീയം ചൂട് പിടിപ്പിക്കാൻ വിഷയങ്ങളേറെ. അഴിമതി ആരോപണങ്ങളും വിവാദങ്ങളുമെല്ലാം മറികടക്കാൻ ഇടതിന് ജയം അനിവാര്യം. എതിരാളികൾ അഴിമതിയിൽ ഫോക്കസ് ചെയ്യുന്നത് തന്നെ സർക്കാറിനെ അട്ടിമറിക്കാനെന്ന് പറഞ്ഞാണ് ഇടത് പ്രചാരണം.
Read more at: കേരളത്തെ തകര്‍ക്കാൻ അവിശുദ്ധ കൂട്ടുകെട്ട്: യുഡിഎഫിനെയും ബിജെപിയേയും കടന്നാക്രമിച്ച് പിണറായി
അതേസമയം തദ്ദേശത്തിൽ തിരിച്ചടി ഉണ്ടായാൽ തുടർഭരണസ്വപ്നത്തിന് തന്നെ വെല്ലുവിളിയാകും. മുഖ്യമന്ത്രിക്കെതിരായ പാർട്ടിയിലെ നീക്കങ്ങൾ സജീവമാകും. സർക്കാറും സിപിഎമ്മും പ്രതിസന്ധിയിലായ സമയത്ത് യുഡിഎഫിനുള്ളത് വലിയ പ്രതീക്ഷ. മുഖ്യമന്ത്രിയെ തന്നെ ലക്ഷ്യമിടുമ്പോഴും സ്ഥാാനാർത്ഥി നിർണ്ണയ പ്രശ്നങ്ങളും ബിജെപി ഉയർത്തുന്ന വെല്ലുവിളികളും യുഡിഎഫിന്‍റെ പ്രതിസന്ധികളാണ്.
വെൽഫയർപാർട്ടി അടക്കമുള്ള കക്ഷികളുമായുള്ള നീക്കുപോക്ക് തിരിച്ചടിക്കുമോ എന്നതാണ് യുഡിഎഫ് ക്യാമ്പിന്‍റെ ആശങ്ക. യഥാർത്ഥ പ്രതിപക്ഷമാണെന്ന് പറഞ്ഞാണ് തുടക്കം മുതലുള്ള ബിജെപി പ്രചാരണം. ഇടതിന്‍റെയും വലതിന്‍റെയും അഴിമതി ആയുധമാക്കുമ്പോഴും മുന്നേറ്റം ഏത് വരെ എന്നതാണ് പാർട്ടി നേരിടുന്ന ചോദ്യം. തിരുവനന്തപുരം കോർപ്പറേഷൻ ഫലമടക്കം ബിജെപിക്ക് നിർണ്ണായകമാണ്.
കേന്ദ്രഭരണത്തണലിൽ പോരിനിറങ്ങുമ്പോഴും സംസ്ഥാന ഘടകത്തിലെ ഭിന്നത ബിജെപിയുടെ പ്രധാന പ്രശ്നമാണ്. ശോഭാ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളുടെ വിട്ടുനിൽക്കൽ എങ്ങിനെ ബാധിക്കുമെന്നതിലുമുണ്ട് ആശങ്ക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam