കണ്ണൂരില്‍ വ്യാപകമായ ബോംബ് നിര്‍മ്മാണം: പൊലീസ് നിഷ്‌ക്രിയമെന്ന് ഉമ്മന്‍ ചാണ്ടി

By Web TeamFirst Published Sep 13, 2020, 3:26 PM IST
Highlights

 ബോംബ് നിര്‍മ്മാണവും ആയുധ ശേഖരണവും നടത്തുന്നവരെയും ഇതിന് പ്രേരണ നല്‍കുന്നവരേയും കണ്ടെത്തുന്നതിനോ, നിയമ നടപടികള്‍ സ്വീകരിക്കുന്നതിനോ പൊലീസ് തയ്യാറാകുന്നില്ല.

തിരുവനന്തപുരം: കണ്ണൂരിൽ വ്യാപകമായി ബോംബ് നിര്‍മ്മാണം നടക്കുന്നു എന്നും ഇത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും ആരോപിച്ച് ഉമ്മൻചാണ്ടി. കണ്ണൂരില്‍  നടക്കുന്ന ബോംബു നിര്‍മ്മാണങ്ങളില്‍ പാര്‍ട്ടിക്കുള്ള പങ്ക് പകല്‍പോലെ വ്യക്തമാണ്. ബോംബ് നിര്‍മ്മാണവും ആയുധ ശേഖരണവും നടത്തുന്നവരെയും ഇതിന് പ്രേരണ നല്‍കുന്നവരേയും കണ്ടെത്തുന്നതിനോ, നിയമ നടപടികള്‍ സ്വീകരിക്കുന്നതിനോ പൊലീസ് തയ്യാറാകുന്നില്ല.  അന്വേഷണം സിപിഎമ്മിലേക്കു നീങ്ങുമ്പോള്‍ പിന്‍മാറാന്‍ പൊലീസ് നിര്‍ബന്ധിതമാകുകയാണെന്നും  ഉമ്മന്‍ ചാണ്ടി ആരോപിച്ചു. 

കഴിഞ്ഞയാഴ്ച തലശ്ശേരിക്കടുത്ത് പൊന്ന്യത്തുണ്ടായ ബോംബു നിര്‍മ്മാണ വേളയിലെ സ്‌ഫോടനമാണ് അവസാനത്തെ സംഭവം. അന്നത്തെ പൊട്ടിത്തെറിയില്‍ ഒരാള്‍ക്ക് പരിക്ക്പറ്റി രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ടു. ഈ സംഭവത്തില്‍ നാല്‌പേരെ അറസ്റ്റ് ചെയ്തു വിട്ടയച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.  ഇവര്‍ നാല്‌പേരും മുന്‍പ് നിരവധി വധശ്രമ കേസ്സുകളിലും അക്രമങ്ങളിലും പ്രതികളായ സിപിഎം പ്രവര്‍ത്തകരാണ്. കൈപ്പത്തി നഷ്ടപ്പെട്ടത് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍  പ്രതിയാക്കപ്പെടുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്ത വ്യക്തിയുടേതാണെന്നും ഉമ്മൻചാണ്ടി വാര്‍ത്താകുറിപ്പിൽ വിശദീകരിച്ചു

click me!