
തിരുവനന്തപുരം: യുഡിഎഫിന് ആശ്വാസമായി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശമേകാൻ ഉമ്മൻചാണ്ടി യുഎസില്‍ നിന്ന് മടങ്ങിയെത്തുന്നു. അമേരിക്കയില്‍ നടത്തിയ വിദഗ്ധ പരിശോധനയിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് കണ്ടെത്തിയതോടെയാണ് ഉമ്മൻചാണ്ടി നാട്ടിലേക്ക് തിരിച്ചത്.
ശബ്‍ദത്തിലെ തടസം ഏറെനാളായി ഉമ്മൻചാണ്ടിയെ അലട്ടിയിരുന്നു. വെല്ലൂരിലെയും ചെന്നൈ അപ്പോളോ ആശുപത്രിയിലെയും പരിശോധനയിൽ തൊണ്ടയിൽ മുഴയുണ്ടെന്ന് കണ്ടെത്തി. പക്ഷേ രണ്ടിടത്തും നിന്ന് വ്യത്യസ്ഥ തുടർ ചികിത്സകളാണ് നിർദ്ദേശിച്ചത്. ഈ സാഹചര്യത്തിലാണ് സുഹൃത്തുക്കളുടെ നിർദേശം മാനിച്ച് അമേരിക്കയിൽ വിദഗ്ധ പരിശോധനക്ക് പോയത്.
വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണം കഴിഞ്ഞ ശനിയാഴ്ച ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു യാത്ര. എത്രനാൾ ചികിത്സ വേണ്ടി വരുമെന്നതിലായിരുന്നു കുടുംബാംഗങ്ങളുടേയും പ്രവർത്തകരുടേയും ആശങ്ക. കോൺഗ്രസിലെ ക്രൗഡ് പുള്ളറായ ഉമ്മൻചാണ്ടി പ്രചാരണത്തിനില്ലാത്തത് സ്ഥാനാർത്ഥികൾക്കും നിരാശയുണ്ടാക്കി.
ഒടുവിൽ ആരോഗ്യനിലയിൽ ആശങ്കവേണ്ടെന്നാണ് അമേരിക്കയിലെ വിദഗ്ധസംഘം വിലയിരുത്തി. തുടർ ചികിത്സ വേണ്ടിവന്നാലും അത് ഇന്ത്യയിൽ തന്നെ മതിയെന്നും ഡോക്ടർമാർ നിർദ്ദേശിച്ചതോടായായിരുന്നു മടക്കം. തിങ്കളാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് എത്തുന്ന മുൻ മുഖ്യമന്ത്രി ചൊവ്വാഴ്ച മുതൽ പ്രചാരണത്തിനുണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു. പ്രചാരണത്തിന്‍റെ രണ്ടാം ഘട്ടം മുതൽ ഉമ്മൻചാണ്ടി എത്തുന്നതിൻറെ ആവേശത്തിലാണ് കോൺഗ്രസ് പ്രവര്‍ത്തകര്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam