ഉമ്മൻചാണ്ടി ഒഴിഞ്ഞുവെച്ച നിയമസഭയിലെ ഇരിപ്പിടത്തിന് പുതിയ അവകാശി; സീറ്റ് എൽജെഡി അംഗം കെപി മോഹനന്

Published : Aug 07, 2023, 06:56 PM IST
ഉമ്മൻചാണ്ടി ഒഴിഞ്ഞുവെച്ച നിയമസഭയിലെ ഇരിപ്പിടത്തിന് പുതിയ അവകാശി; സീറ്റ് എൽജെഡി അംഗം കെപി മോഹനന്

Synopsis

ഉമ്മൻചാണ്ടിക്കും മുൻ സ്പീക്കര്‍ വക്കം പുരുഷോത്തമനും ആദരമര്‍പ്പിച്ച് പതിനഞ്ചാം നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന്‍റെ ആദ്യദിനം ഇന്നത്തേക്ക് പിരിയുകയായിരുന്നു

തിരുവനന്തപുരം: നീണ്ട 52 വർഷം കേരളാ നിയമസഭയിലെ സ്ഥിരം സാന്നിധ്യമായിരുന്ന അന്തരിച്ച കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ ഇരിപ്പിടത്തിന് പുതിയ അവകാശി. നിയമസഭയിൽ മുൻനിരയിൽ ഉമ്മൻചാണ്ടി ഇരുന്ന ഇരിപ്പിടത്തിൽ ഇനി എൽജെഡി അംഗം കെപി മോഹനൻ ഇരിക്കും. പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവ് എന്ന നിലയിലാണ് കെപി മോഹനന് ഈ ഇരിപ്പിടം നൽകിയത്. നേരത്തെ നിയമസഭയുടെ രണ്ടാം നിരയിലായിരുന്നു കെപി മോഹനന്റെ സ്ഥാനം. വിഎസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്നു കെപി മോഹനൻ. ഇദ്ദേഹം ഒരു നിര മുന്നിലേക്ക് വന്നതോടെ രണ്ടാം നിരയിൽ ഒഴിഞ്ഞ ഇരിപ്പിടത്തിലും പുതിയ അംഗമെത്തി. ആർഎസ്പി ലെനിനിസ്റ്റ് നേതാവ് കോവൂർ കുഞ്ഞുമോനാണ് രണ്ടാം നിരയിലെ ഇരിപ്പിടത്തിൽ ഇനി ഇരിക്കുക. ഇതിനനുസരിച്ച് നിയമസഭയിലെ മറ്റ് ഇരിപ്പിട ക്രമത്തിലും മാറ്റം വന്നിട്ടുണ്ട്.

ഉമ്മൻചാണ്ടിക്കും മുൻ സ്പീക്കര്‍ വക്കം പുരുഷോത്തമനും ആദരമര്‍പ്പിച്ച് പതിനഞ്ചാം നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന്‍റെ ആദ്യദിനം ഇന്നത്തേക്ക് പിരിയുകയായിരുന്നു. പുതുപ്പള്ളിയിൽ നിന്ന് 1970 ൽ ജയിച്ച് ആദ്യമായി നിയമസഭയിലെത്തിയതാണ് ഉമ്മൻ ചാണ്ടി. അന്നുമുതൽ 2023 ൽ മരിക്കുന്നത് വരെ പുതുപ്പള്ളിയെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലെത്തി. ജനക്ഷേമത്തിനും സംസ്ഥാന വികസനത്തിനും ഊന്നൽ നൽകിയ പൊതു പ്രവര്‍ത്തകനെന്ന് സ്പീക്കര്‍ ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു. ഉമ്മൻചാണ്ടിയുമായി ഉണ്ടായിരുന്ന വ്യക്തിബന്ധം കൂടി ഓര്‍ത്തെടുത്തായിരുന്നു മുഖ്യമന്ത്രിയുടെ അനുസ്മരണം.  കേരള രാഷ്ട്രീയത്തിന്റെ പ്രധാന ഏടാണ് അവസാനിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനക്കൂട്ടമായിരുന്നു ഉമ്മൻചാണ്ടിയുടെ ഇന്ധനമെന്നും ഇതുപോലൊരു നേതാവ് കേരളത്തിൽ വേറെയില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

മുൻ സ്പീക്കറും മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമനും നിയമസഭ ആദരാഞ്ജലി അര്‍പ്പിച്ചു. ഇടപെടലുകളിലെ കാര്‍ക്കശ്യവും കൈകാര്യം ചെയ്ത വകുപ്പുകളിൽ വക്കം പുലര്‍ത്തിയ അവധാനതയും സ്പീക്കറും കക്ഷി നേതാക്കളും അനുസ്മരിച്ചു. വ്യക്തിപരമായ അനുഭവങ്ങളും നേതാക്കൾ ഓര്‍ത്തെടുത്തു. അനുസ്മരണ വേദിയിലേക്ക് സ്പീക്കറുടെ ക്ഷണം സ്വീകരിച്ച് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും മകൾ മറിയയും കൊച്ചുമകനും എത്തിയിരുന്നു. ഇവർ ഗ്യാലറിയിൽ ഇരുന്നാണ് ഉമ്മൻ ചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായത്.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്