നേതൃമാറ്റത്തിലുള്ള അതൃപ്തി പരസ്യമാക്കി ഉമ്മൻചാണ്ടി; രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

By Web TeamFirst Published Jun 25, 2021, 12:31 PM IST
Highlights

ഹൈക്കമാന്റ് എടുത്ത തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്നു. എടുത്ത തീരുമാനങ്ങളിൽ വിയോജിപ്പില്ല. തീരുമാനങ്ങൾ എടുത്ത രീതിയോടാണ് വിയോജിപ്പെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 

ദില്ലി: കേരളത്തില്‍ നേതൃമാറ്റം നടപ്പാക്കിയ രീതി ശരിയല്ലെന്ന് ഉമ്മൻചാണ്ടി. നേതാക്കളോടല്ല, തീരുമാനങ്ങള്‍ എടുത്ത രീതിയിലാണ് വിയോജിപ്പെന്നും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉമ്മന്‍ചാണ്ടി അറിയിച്ചു. ഗ്രൂപ്പുകളെ മറികടന്ന് എടുത്ത തീരുമാനങ്ങളിലെ അതൃപ്തി മാധ്യമങ്ങള്‍ക്ക് മുന്‍പിലും പരസ്യമാക്കിയായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം.

രമേശ് ചെന്നിത്തലക്ക് പിന്നാലെ ഗ്രൂപ്പ് താല്‍പ്പര്യം പരിഗണിക്കാതെയുള്ള ഹൈക്കമാന്‍റ് തീരുമാനങ്ങളിലെ അതൃപ്തി രാഹുലിനെ അറിയിച്ച് ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതിലടക്കം ഏകപക്ഷീയമായ നടപടികള്‍ ഉണ്ടായത് ശരിയായില്ല. വേണ്ടത്ര ചര്‍ച്ച ചെയ്യാതെ തീരുമാനമെടുത്തത് മുതിര്‍ന്ന നേതാക്കള്‍ നേതൃമാറ്റത്തിന് എതിരാണെന്ന പ്രതീതിയുണ്ടാക്കി.  അണികളില്‍ നിന്നും യുവനേതാക്കളിൽ നിന്നുമുള്ള വിമർശനം നേരിടേണ്ടി വന്നെന്നും ഉമ്മൻചാണ്ടി രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. സംഘടന ദൗര്‍ബല്യമല്ല കൊവിഡ് സാഹചര്യമാണ് തെരഞ്ഞെടുപ്പ് പരാജത്തിന് കാരണമെന്നും കൂടിക്കാഴ്ചയില്‍ ഉമ്മൻചാണ്ടി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും  അനുനയിപ്പിച്ച് മുന്നോട്ട് പോകുന്നതിന്‍റെ ഭാഗമായാണ് രാഹുല്‍ കൂടിക്കാഴ്ചക്ക് വിളിച്ചത്. ഇരുവരെയും ഒപ്പം നിര്‍ത്തി മുന്നോട്ട് പോകണമെന്ന് സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്‍റ് നിര്‍ദേശിച്ചിട്ടുണ്ട്. ജംബോ കമ്മിറ്റികള്‍ക്കൊണ്ട് ഗുണമില്ലെന്ന് വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പുനസംഘടനയില്‍ 51 അംഗ നിര്‍വാഹക സമിതിയിലേക്ക് എത്തിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന വാര്‍ത്തകളെ കുറിച്ച് അറിയില്ലെന്നും ഒഴിയാനായി കത്ത് നല്‍കിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!