
തിരുവനന്തപുരം: സംസ്ഥാന കർഷകദിനാഘോഷത്തിന്റെയും സംസ്ഥാന കർഷക അവാർഡ് വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 17 രാവിലെ 10ന് കളമശ്ശേരി ആഷിസ് കൺവെൻഷൻ സെന്ററിൽ നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷത വഹിക്കും.
ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. എം.പി.മാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ജെബി മേത്തർ, ഹാരിസ് ബീരാൻ, ഫ്രാൻസിസ് ജോർജ് എന്നിവർക്കൊപ്പം എം.എൽ.എ.മാരും മറ്റ് ജനപ്രതിനിധികളും കർഷകരും കാർഷിക മേഖലയിലെ വിദഗ്ധരും ചടങ്ങിൽ പങ്കെടുക്കും.
കാർഷിക മേഖലയിലെ മികവിനെയും സമഗ്ര സംഭാവനകളെയും ആദരിച്ച് 38 വിഭാഗങ്ങളിലായാണ് സംസ്ഥാന കർഷക അവാർഡുകൾ വിതരണം ചെയ്യുന്നത്. കാർഷിക മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് 5 ലക്ഷം രൂപ സമ്മാനത്തുകയുള്ള ‘ശ്രീ ഉമ്മൻ ചാണ്ടി സ്മാരക അവാർഡ്’ ഈ വർഷം ആദ്യമായി നൽകും. നഗരകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ‘മട്ടുപ്പാവ് കൃഷി ചെയ്യുന്ന മികച്ച കർഷകൻ’, ഉദ്യാനകൃഷിയിലെ മികവിനുള്ള ‘ഉദ്യാന ശ്രേഷ്ഠ'’ എന്നീ പുതിയ അവാർഡ് വിഭാഗങ്ങളും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് കാർഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി വിപുലമായ കാർഷിക പ്രദർശനവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള ഭൗമസൂചിക (GI) പദവി ലഭിച്ച കാർഷിക ഉത്പന്നങ്ങൾ, കേരള ഗ്രോ ഉത്പന്നങ്ങൾ, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, മണ്ണ് സംരക്ഷണ വകുപ്പ്, വിവിധ സർക്കാർ ഫാമുകൾ, ഹോർട്ടികോർപ്പ്, കേര, അഗ്മാർക്ക്, സഹകരണ മേഖലയിലെ കാർഷിക ഉത്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും.
കാർഷിക യന്ത്രവത്കരണ സാങ്കേതികവിദ്യകൾ, മൂല്യവർധിത കാർഷിക ഉത്പന്നങ്ങൾ, കാർഷിക സംരംഭകത്വ മാതൃകകൾ എന്നിവയും പ്രദർശനത്തിന്റെ ഭാഗമാകും. വിവിധ സർക്കാർ വകുപ്പുകളുടെയും കാർഷിക ഏജൻസികളുടെയും പദ്ധതികളും സേവനങ്ങളും സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കർഷകരുടെ അധ്വാനത്തിനും കാർഷിക മേഖലയിലെ മികവിനും ആദരം അർപ്പിക്കുന്നതിനൊപ്പം, ആധുനിക സാങ്കേതികവിദ്യകളും മൂല്യവർധനയും സംരംഭകത്വവും ഉൾപ്പെടെയുള്ള കാർഷിക മേഖലയിലെ പുതിയ സാധ്യതകൾ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നതിനുള്ള വേദിയായി സംസ്ഥാനതല കർഷകദിനാഘോഷം മാറും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam