'കേരളാകോൺഗ്രസിലെ പ്രശ്നപരിഹാരത്തിന് വീണ്ടും ചര്‍ച്ച', അവിശ്വാസ പ്രമേയത്തിൽ പ്രതികരിക്കാതെ ഉമ്മൻചാണ്ടി

By Web TeamFirst Published Jun 28, 2020, 10:06 AM IST
Highlights

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്‍റ് സ്ഥാനം ജോസഫ് വിഭാഗത്തിന് നൽകണമെന്ന യു‍ഡിഎഫ് നിർ‍ദേശം ജോസ് വിഭാഗം വീണ്ടും തള്ളിയതോടെയാണ് മുന്നണിയിലെ പ്രതിസന്ധി കൂടുതല്‍ വഷളായത്

കോട്ടയം: കേരള കോൺഗ്രസിലെ ജോസ് കെ മാണി- ജോസഫ് പ്രശ്നങ്ങള്‍ തീര്‍ക്കാനായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് ഉമ്മൻ ചാണ്ടി. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ആണ് ശ്രമിച്ചത്. യുഡിഎഫിന്‍റെ തീരുമാനം  ഇരുവിഭാഗത്തെയും അറിയിച്ചിട്ടുണ്ട്. മുന്നണിയിൽ നിന്ന് ആരും വിട്ടുപോകരുതെന്നാണ് ആഗ്രഹം. നിലപാട് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രശ്നപരിഹാരത്തിന് വീണ്ടും ചർച്ച നടത്തുമെന്ന് വ്യക്തമാക്കിയ ഉമ്മൻചാണ്ടി പക്ഷേ അവിശ്വാസ പ്രമേയത്തിൽ പ്രതികരിച്ചില്ല. 

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്‍റ് സ്ഥാനം ജോസഫ് വിഭാഗത്തിന് നൽകണമെന്ന യു‍ഡിഎഫ് നിർ‍ദേശം ജോസ് വിഭാഗം വീണ്ടും തള്ളിയതോടെയാണ് മുന്നണിയിലെ പ്രതിസന്ധി കൂടുതല്‍ വഷളായത്. ഇതോടെയാണ് ഇനി കാത്തിരിക്കാനാകില്ലെന്നും കോട്ടയത്ത് അവിശ്വാസം വേണമെന്നുമുള്ള നിലപാടിലേക്ക് ജോസഫ് പക്ഷവും കോൺഗ്രസും എത്തിയത്.

എന്നാൽ എന്ന് അവിശ്വാസപ്രമേയ നോട്ടീസ് നൽകണമെന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ പറയുന്നത്. യുഡിഎഫിനെ കേൾക്കാത്ത ജോസ് കെ മാണിയുടെ നിലപാടിൽ യുഡിഎഫ് ഒന്നാകെ അതൃപ്തരാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ജോസ് വിഭാഗം നടത്തുന്ന വിലപേശൽ  അംഗീകരിച്ചുകൊടുക്കേണ്ടെന്ന നിലപാടും യുഡിഎഫിലെ പ്രമുഖ കക്ഷികൾക്കുണ്ട്. 

പഞ്ചായത്ത്-നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റുകളുടെ കാര്യത്തില്‍ ഇപ്പോഴേ ധാരണ വേണമെന്ന ആവശ്യമാണ് ജോസ് പക്ഷം മുന്നോട്ട് വെക്കുന്നത്. സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തായാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി ഒഴിയാമെന്നാണ് ജോസ് വിഭാഗം യുഡിഎഫിനെ അറിയിച്ചത്. എന്നാല്‍ സീറ്റുകള്‍ പങ്കുവെക്കുന്ന ചര്‍ച്ച പറ്റില്ലെന്ന നിലപാടിലാണ് ജോസഫ്. കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് കോട്ടയം ജില്ലാ പഞ്ചായത്തില്‍ നേരത്തെ ധാരണ ഉണ്ടാക്കിയത്. അതുകൊണ്ടാണ് യുഡിഎഫ് ജോസ് വിഭാഗത്തോട് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. 

 

click me!