കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി പ്രവാസികളെ മരണത്തിലേക്ക് തള്ളിവിടും: ഉമ്മന്‍ ചാണ്ടി

By Web TeamFirst Published Jun 15, 2020, 3:51 PM IST
Highlights

ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരുന്നതിന്  പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ ജൂണ്‍ 20 നാണ് പ്രാബല്യത്തില്‍ വരുന്നത്. 

തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി പ്രവാസികളെ മരണത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമെന്ന് ഉമ്മന്‍ ചാണ്ടി. ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരുന്നതിന്  പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ ജൂണ്‍ 20 നാണ് പ്രാബല്യത്തില്‍ വരുന്നത്. അന്നു മുതലുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ റദ്ദാക്കേണ്ട അത്യന്തം ഗുരുതരമായ അവസ്ഥ ഉണ്ടായിരിക്കുകയാണ്. ഗള്‍ഫില്‍ 226 മലയാളികളുടെ ജീവന്‍ ഇതിനോടകം പൊലിഞ്ഞത് മറക്കരുതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മൂന്നുലക്ഷത്തോളം പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ ആറു മാസമെങ്കിലും വേണ്ടിവരും. ലോക്ക് ഡൗണ്‍ കാലത്ത് ലഭിച്ച മൂന്നുമാസം ഫലപ്രദമായി വിനിയോഗിക്കാത്തതിനെ തുടര്‍ന്നാണ് പ്രവാസി സംഘടനകള്‍ മുന്‍കൈ എടുത്ത് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ ആ പ്രതീക്ഷയും അസ്ഥാനത്തായെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. പ്രവാസികള്‍ക്ക് രണ്ടരലക്ഷം കിടക്ക തയ്യാറാണെന്നും തിരിച്ചുവരുന്നവരുടെ പരിശോധനയുടെയും ക്വാറന്‍റീന്‍റെയും ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മറ്റുമുള്ള വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
 

click me!