
തിരുവനന്തപുരം: സോളാർ പീഡന കേസുകൾ സിബിഐക്ക് വിട്ട നടപടിയെ പ്രതിരോധിക്കാൻ ശ്രമിക്കില്ലന്ന് ഉമ്മൻ ചാണ്ടി. സിബിഐയെ പേടിയില്ല. എത് ഏജൻസി വേണമെങ്കിലും വരട്ടെ, അന്വേഷിക്കട്ടെ എന്ന നിലപാടാണ് ഇപ്പോഴും തനിക്കെന്നും എട്ട് വർഷത്തിനിടെ ഒരിക്കൽ പോലും ഈ കേസിനെ തടസപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.
പരാതിക്കാരി വീണ്ടും പരാതി നൽകിയതിൽ ഗൂഢാലോചന ഉണ്ടോയെന്ന് മാധ്യമങ്ങൾക്ക് അന്വേഷിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുയർത്തിയ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. എന്നാൽ അതേ സമയം കേസ് സിബിഐക്ക് വിട്ട നടപടി സംസ്ഥാന സർക്കാരിന് തിരിച്ചടിയാവും നൽകുകയെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സോളാർ കേസിലെ പീഡനപരാതികളിൽ സിബിഐ അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചത്. അതേ സമയം ഉമ്മൻചാണ്ടി ഉൾപ്പെടയുള്ള നേതാക്കൾക്ക് എതിരെയുള്ള കേസ് സിബിഐക്ക് വിട്ടത് സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം. നാലേമുക്കാൽ വർഷം ഒന്നും ചെയ്യാത്ത സർക്കാർ തുടർ ഭരണം കിട്ടില്ലെന്നുറപ്പായതോടെ കേസ് സിബിഐക്ക് വിട്ടതെന്നാണ് യുഡിഎഫിന്‍റെ വിമർശനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam