ഇപ്പോഴത്തെ നീക്കം എന്തിനെന്ന് ജനങ്ങൾക്കറിയാം; ഇബ്രാഹിം കുഞ്ഞിനെ പിന്തുണച്ച് ഉമ്മൻ ചാണ്ടി

By Web TeamFirst Published Sep 20, 2019, 9:22 AM IST
Highlights

പാലാരിവട്ടം അഴിമതി കേസിൽ സർക്കാർ അന്വേഷണം നടക്കട്ടേ എന്നും അതിനെ ആരും എതിർത്തിട്ടില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസിൽ ആരോപണ വിധേയനായ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പിന്തുണച്ച് ഉമ്മൻ ചാണ്ടി. പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഇത്തരമൊരു നീക്കം സർക്കാർ നടത്തുന്നത് എന്തിനാണെന്ന് ജനങ്ങൾക്ക് അറിയാമെന്ന് ഉമ്മൻ ചാണ്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പാലാരിവട്ടം അഴിമതി കേസിൽ സർക്കാർ അന്വേഷണം നടക്കട്ടേ എന്നും അതിനെ ആരും എതിർത്തിട്ടില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ഇബ്രാഹിം കുഞ്ഞും അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുള്ളതാണെന്നും ഉമ്മൻ ചാണ്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞടക്കമുള്ളവർക്കെതിരെയുള്ള അന്വേഷണം വേഗത്തിലാക്കാൻ വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്. പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം പഴുതുകളില്ലാത്ത വിധം മുൻ മന്ത്രിയെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. അടുത്തയാഴ്ച  തെളിവുകൾ അന്വേഷണ സംഘം ഹൈക്കോടതിയിൽ അറിയിക്കും.

അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് തന്നെ ഇബ്രാഹിം കുഞ്ഞിനെതിരെ കടുത്ത ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ നടപടി അധികം വൈകുന്നത് പൊതുജന മധ്യത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്നാണ് വിജിലൻസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഈ പശ്ചാത്തലത്തിൽ ഇബ്രാഹിം കുഞ്ഞിനൊപ്പം കിറ്റ്‍കോയിലെയും റോഡ്‍സ് ആന്‍റ് ബ്രിഡ്‍ജസ് കോർപ്പറേഷനിലെയും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് വിജലൻസ് തീരുമാനം.
 

click me!