ഉമ്മൻചാണ്ടി ഇനി പുതുപ്പള്ളിയിലെ സ്ഥിരതാമസക്കാരൻ; വീട് നിർമ്മാണം ഉടൻ തുടങ്ങും

By Web TeamFirst Published Jun 13, 2021, 1:26 PM IST
Highlights

ഹൈക്കമാൻഡിന്‍റെ വെട്ടിനിരത്തല്‍ വന്നതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ തഴയപ്പെട്ടതും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് ഉമ്മൻചാണ്ടി പൂര്‍ണ്ണസമയം പുതുപ്പള്ളിയിലേക്ക് മാറുന്നതെന്നാണ് സൂചന.

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് നിന്ന് പൂര്‍ണ്ണമായും മണ്ഡലമായ പുതുപ്പള്ളിയിലേക്ക് മാറുന്നു. പുതുപ്പള്ളിയില്‍ ഉടൻ വീട് നിര്‍മ്മാണം തുടങ്ങുമെന്ന് ഉമ്മൻചാണ്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകൻ ചാണ്ടി ഉമ്മനെ മണ്ഡലത്തില്‍ സജീവമാക്കാനും ഉമ്മൻചാണ്ടി ആലോചിക്കുന്നുണ്ട്.

ഞാറാഴ്ചകളില്‍ മാത്രം തന്‍റെ വോട്ടര്‍മാരെ കാണാനെത്തിയിരുന്ന പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് ഇനി പുതുപ്പള്ളിയില്‍ സ്ഥിരതാമസക്കാരനാകും. 50 വര്‍ഷമായി എംഎല്‍എയാണെങ്കിലും മണ്ഡലത്തില്‍ ഉമ്മൻചാണ്ടിക്ക് സ്വന്തമായി വീടോ ഓഫീസോ ഇല്ല. എംഎൽഎമാർക്കുള്ള ഭവന വായ്പ ഉപയോഗിച്ചാണ് പുതുപ്പള്ളി ബസ് സ്റ്റാൻഡിന് സമീപത്തെ ഒരേക്കര്‍ സ്ഥലത്ത് ഉമ്മൻചാണ്ടി വീട് വയ്ക്കുന്നത്.

ഞാറാഴ്ചകളില്‍ പുതുപ്പള്ളിയിലെത്തുന്ന ഉമ്മൻചാണ്ടി തറവാടായ കരോട്ട് വള്ളക്കാലിലായിരുന്നു താമസം. ഹൈക്കമാൻഡിന്‍റെ വെട്ടിനിരത്തല്‍ വന്നതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ തഴയപ്പെട്ടതും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് ഉമ്മൻചാണ്ടി പൂര്‍ണ്ണസമയം പുതുപ്പള്ളിയിലേക്ക് മാറുന്നതെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഉമ്മൻചാണ്ടിക്കൊപ്പം മകൻ ചാണ്ടി ഉമ്മനും മണ്ഡലത്തില്‍ സജീവമാണ്. കിറ്റ് വിതരണത്തിലും കൊവിഡ് പ്രവര്‍ത്തനങ്ങളിലും ചാണ്ടി ഉമ്മൻ അച്ഛനൊപ്പമുണ്ട്.

പുതുപ്പള്ളിയിലെ സ്ഥിര താമസം മകൻ ചാണ്ടി ഉമ്മന്‍റെ രാഷ്ട്രീയ ഭാവി കൂടി ലക്ഷ്യമിട്ടാണ്. ഉമ്മൻചാണ്ടി നേമത്തേക്ക് മാറുമെന്ന അഭ്യൂഹം വന്നപ്പോള്‍ പകരം ചാണ്ടി ഉമ്മന്‍റെ പേരാണ് പുതുപ്പള്ളിയില്‍ പരിഗണിച്ചിരുന്നത്.

click me!