
ദില്ലി: കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് കണ്ടെത്തിയ സുപ്രീംകോടതി കാര്‍ഷിക നിയമം സ്‌റ്റേ ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് ഈ കരിനിയമം പൂര്‍ണമായി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി.
ഏകപക്ഷീയമായി വിദഗ്ധസമിതിയെ നിയമിച്ചും വീണ്ടും കോടതിയിലേക്ക് കര്‍ഷകരെ വലിച്ചിഴച്ചും ഇനിയും അവരെ ദ്രോഹിക്കരുത്. വിദഗ്ധസമിതിയംഗങ്ങള്‍ കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരാണ്. കര്‍ഷകര്‍ക്ക് സ്വീകാര്യമായ വിദഗ്ധസമിതിയാണ് വേണ്ടത്. കര്‍ഷകര്‍ക്കുവേണ്ടി കൊണ്ടുവന്ന നിയമത്തെ കര്‍ഷകര്‍ തന്നെ എതിര്‍ക്കുമ്പോള്‍, ഇതു കര്‍ഷകര്‍ക്കുവേണ്ടിയുള്ള നിയമമല്ലെന്നു വ്യക്തം.
കനത്ത മഴയിലും മഞ്ഞിലും തണുപ്പിലും സുദീര്‍ഘമായ സഹനസമരം നടത്തി വരുന്ന കര്‍ഷകരെ അഭിവാദ്യം ചെയ്യുന്നു. കര്‍ഷകര്‍ക്കിത് ജീവന്മരണ പോരാട്ടമാണ്. കര്‍ഷകരോടൊപ്പം അടിയുറച്ചുനിന്ന് കോണ്‍ഗ്രസ് കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരേയുള്ള പോരാട്ടം തുടരുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
അതേസമയം കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് നിലപാടിലുറച്ച് നിൽക്കുകയാണ് കർഷകർ. ദില്ലിയുടെ അതിർത്തികളിൽ സമരം തുടരും. സുപ്രീം കോടതി വിധി പരിശോധിക്കും. നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്നും ഭാരതീയ കിസാൻ യൂണിയൻ പ്രതികരിച്ചു. നാളെ 12 മണിക്ക് 41 സംഘടനകളുടെ സെൻട്രൽ കമ്മറ്റി സിംഘുവിൽ ചേരാനും തീരുമാനമായിട്ടുണ്ട്.
കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദ കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നത് സുപ്രീം കോടതി ഇന്ന് സ്റ്റേ ചെയ്യുകയായിരുന്നു. നിയമത്തിനെതിരെ കര്‍ഷക സംഘടനകൾ സമരം കടുപ്പിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ അസാധാരണ ഇടപെടൽ. വിവാദ നിയമങ്ങളെ കുറിച്ചും കര്‍ഷകര്‍ സമരം നടത്തുന്ന സാഹചര്യവും നാലംഗ സമിതി പരിശോധിക്കും. ആ റിപ്പോര്‍ട്ട് കോടതി പരിഗണിക്കും. അത് വരെ കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നത് മരവിപ്പിക്കുകയാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam