
തിരുവനന്തപുരം: ഓപ്പറേഷൻ ബാർ കോഡിൽ ബാറുകളിലും എക്സൈസ് ഓഫീസുകളിലും വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ. വിജിലൻസിൻ്റെ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകുന്നുവെന്ന ഞെട്ടിക്കുന്ന സംഭവവും പരിശോധനയിൽ കണ്ടെത്തി. ആലപ്പുഴയിൽ ഒരു ബാറിൽ നിന്നാണ് മാസപ്പടി പട്ടിക കണ്ടെത്തിയത്. 3,56,000 രൂപ നൽകിയതിൻ്റെ രജിസ്റ്റർ വിജിലൻസിന് ലഭിച്ചു. ഈ കണക്ക് ബാർ മാനേജർ എംഡിക്ക് നൽകിയതിൻ്റെ വാട്‌സ്ആപ്പ് സന്ദേശവും ലഭിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി കമ്മീഷണർ, ഇൻസ്പെക്ടർമാർ, ഉദ്യോഗസ്ഥർ എന്നിവർക്കാണ് പണം നൽകിയതെന്നാണ് പട്ടികയിലുള്ളത്. കൽപ്പറ്റയിലെ ഒരു എക്സൈസ് ഉദ്യോഗസ്ഥൻ്റെ അക്കൗണ്ടിലേക്ക് സംശയാസ്പദമായി പോയിരിക്കുന്നത് മൂന്നുലക്ഷത്തിലധികം രൂപയാണ്. ബാറുകളിൽ മദ്യം വിളമ്പുന്ന അളവിലും കുറവുള്ളതായി പരിശോധനയിൽ തെളിഞ്ഞു. സെക്കൻ്റ്സ് മദ്യ വിൽപ്പന തടയാനുള്ള എക്സൈസ് പ്രവർത്തനം കാര്യക്ഷമമല്ലെന്നും മിക്കബാറുകളും സ്റ്റോക്ക് രജിസ്റ്റർ സൂക്ഷിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. 11ന് തുറക്കേണ്ട ബാറുകൾ 10 മണിക്ക് തുറന്നുവെന്നും രാത്രി 11ന് ബാറുകൾ അടയ്‌ക്കുന്നില്ലെന്നും പരിശോധനയിൽ വ്യക്തമായി. അതേസമയം, സാമ്പിൾ ശേഖരിക്കുന്നതിലും വീഴ്ചയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam