'കൊച്ചിയെ ഇനി വെള്ളക്കെട്ടില്‍ മുക്കില്ല'; ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പുനരാരംഭിച്ചു

By Web TeamFirst Published May 20, 2020, 11:50 AM IST
Highlights

കഴിഞ്ഞ വര്‍ഷത്തെ കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളക്കെട്ടിന് അടിയിലായപ്പോള്‍  സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശപ്രകാരമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നേരിട്ട് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ ആരംഭിച്ചത്.

തിരുവനന്തപുരം:  കൊച്ചിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമേകാൻ സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പുനരാരംഭിച്ചു. കൊവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം നിര്‍ത്തിവച്ച പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ വീണ്ടും തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളക്കെട്ടിന് അടിയിലായപ്പോള്‍  സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശപ്രകാരമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നേരിട്ട് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ ആരംഭിച്ചത്.

കൊച്ചിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമേകാൻ ഓപ്പറേഷൻ ബ്രേക്ക് ത്രൂ തുടരാനായിരുന്നു സർക്കാരിന്‍റെ തീരുമാനം. 25 കോടി രൂപയുടെ പദ്ധതികൾക്ക് സർക്കാർ ഭരണാനുമതി നൽകി. രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കേണ്ട പ്രവൃത്തികൾക്കുള്ള പദ്ധതി രേഖ ജില്ലാ ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കി.

വിവിധ സർക്കാർ ഏജൻസികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയായിരുന്നു പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ആദ്യ ഘട്ടത്തിലെ 35 പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തു. മാർച്ച് 31ന് അകം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടതാണെങ്കിലും കൊവിഡ് 19 ലോക്ഡൗൺ കാരണം നീണ്ടു പോയി. 23 പ്രവൃത്തികൾ ഇതിനകം പൂർത്തീകരിച്ചിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

മെയ് 31 നുള്ളിൽ ഒന്നാം ഘട്ട പ്രവൃത്തികൾ പൂർത്തികരിക്കാനാകുമെന്നാണ് പ്രതീക്ഷകള്‍. രണ്ടാം ഘട്ടത്തിലെ പദ്ധതികൾക്കുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. കൊച്ചിയിലെ ജനങ്ങൾക്ക് വെള്ളക്കെട്ടിൽ നിന്നും ശാശ്വത പരിഹാരം ഉണ്ടാകുന്ന തരത്തിൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 
 

click me!