
തൃശൂർ: ഓപ്പറേഷൻ സൈ ഹണ്ടിൽ അറസ്റ്റിലായ പെരുമ്പാവൂർ സ്വദേശി ഹസൻ അനസ് ഹാരീസ് ബീരാന്റെ പിഎ ആയി പ്രവർത്തിച്ചിട്ടില്ലെന്ന് എംപിയുടെ ഓഫീസ്. പഠന കാലത്ത് എംപി ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. എന്നാൽ പിഎ ആയി പദവി നൽകിയിരുന്നില്ലെന്ന് എംപി യുടെ ഓഫീസ് അറിയിച്ചു. വാഴക്കുളം മാവിൻ ചുവട് ചെരുംമൂടൻ വീട്ടിൽ ഹസൻ അനസ് (25) ആണ് ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി പൊലീസ് പിടിയിലായത്. എംഎസ്എഫ് ജില്ലാ സെക്രട്ടറി കൂടിയാണ് ഹസൻ അനസ്. ഹസൻ അനസിന്റെ വാടക അക്കൗണ്ടിലേക്ക് ഉത്തർപ്രദേശ് സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും 1,70,000 രൂപ വന്നിട്ടുള്ളതായാണ് കണ്ടെത്തൽ. ഈ വാടക അക്കൗണ്ട് വഴി ചെക്ക് ഉപയോഗിച്ചും അല്ലാതെയും പണം പിൻവലിച്ച് സൈബർ തട്ടിപ്പ് നടത്തിയതായി പൊലീസ് പറയുന്നു.
സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനും രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തുന്നതിനും ഇരകള്‍ക്ക് നഷ്ടപ്പെട്ട പണം കണ്ടെത്തി നിയമനടപടികള്‍ ദ്രുതഗതിയിലാക്കുന്നതിനുമായി കേരള പൊലീസ് നടപ്പാക്കിയ പദ്ധതിയാണ് ഓപ്പറേഷൻ സൈ ഹണ്ട്. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിൻ്റെ നിർദേശപ്രകാരം വ്യാഴാഴ്ച രാവിലെ 6 മണി മുതലാണ് സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചത്. കേരള പൊലീസ് സൈബര്‍ ഓപ്പറേഷൻ്റെയും റേഞ്ച് ഡിഐജിമാരുടെയും ജില്ലാ പൊലീസ് മേധാവിമാരുടെയും മേല്‍നോട്ടത്തിലായിരുന്നു പരിശോധന.