
ചാരുംമൂട്: ഇറച്ചിക്കോഴികളെ കയറ്റി വന്ന ലോറി പാഞ്ഞുകയറി തട്ടുകട തകർന്നു. വശത്തേക്ക് മറിഞ്ഞ ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. വൻ ദുരന്തമാണ് ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു. കൊല്ലം-തേനി പാതയിൽ താമരക്കുളം ജങ്ഷനു സമീപം ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. താമരക്കുളം നെടിയാണിക്കൽ ക്ഷേത്ര ജങ്ഷനിലുള്ള വളവിൽ വെച്ചാണ് അപകടമുണ്ടായത്. തൊടുപുഴയിൽ നിന്നും ഇറച്ചിക്കോഴികളെ കയറ്റി കൊല്ലത്തേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം തട്ടുകട ഇടിച്ചു തകർത്ത് തൊട്ടടുത്ത വീടിനോട് ചേർന്ന് ഒരു വശത്തേക്ക് മറിയുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന കൊല്ലം സ്വദേശികളായ ഡ്രൈവർ ശ്യാം, ക്ലീനർ സിദ്ധാർഥ് എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടുവെങ്കിലും ധാരാളം കോഴികൾ ചത്തു.
താമരക്കുളം വാലുപറമ്പിൽ തുളസിയുടെ വീടിനോട് ചേർന്നുള്ള തട്ടുകടയാണ് പൂർണമായും തകർന്നത്. ഗ്യാസ് സിലിണ്ടർ, സ്റ്റൗ എന്നിവയും കടയിലുണ്ടായിരുന്നു. ഫർണിച്ചറും പാത്രങ്ങളും പൂർണമായും നശിച്ചു. വാഹനം ഇടതുവശത്തേക്ക് അൽപം കൂടി മാറിയിരുന്നെങ്കിൽ രണ്ടു വീടുകൾ തകർന്ന് വലിയ ദുരന്തം ഉണ്ടാകുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വാഹനം വളവിലെത്തിയപ്പോൾ നായ കുറുകെ ചാടിയതാണ് അപകടകാരണമെന്നാണ് ഡ്രൈവർ പറയുന്നത്. സംഭവമറിഞ്ഞ് നൂറനാട് പോലീസും വൈദ്യുതി ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു. പൊലീസ് നിർദേശപ്രകാരം കോഴികളെ മറ്റൊരു ലോറിയിലേക്ക് മാറ്റി. ലോറി ക്രെയിൻ ഉപയോഗിച്ച് സ്ഥലത്തുനിന്നു മാറ്റി. രാത്രി പത്തരയോടെ തട്ടുകട ഒതുക്കി ഉറങ്ങാൻ കിടന്നശേഷം ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഞെട്ടിയുണർന്നുവെന്ന് കടയുടമ തുളസി പറഞ്ഞു. തുളസിയുടെ ഉപജീവനമാർഗമായ തട്ടുകട നാല് മാസം മുമ്പ് കാറ്റിലും മഴയിലും മരം വീണ് തകർന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam