
തിരുവനന്തപുരം: കൊള്ളപലിശക്കാരെ തടയാൻ കൊട്ടിഘോഷിച്ച് കൊണ്ട് വന്ന ഓപ്പറേഷൻ കുബേര (Operation Kubera) നിലച്ചതാണ് ബ്ലേഡ് മാഫിയ (Blade Mafia) വീണ്ടും പിടി മുറുക്കാൻ കാരണം. പലിശ സംഘങ്ങൾ സജീവമായ ലോക്ഡൗൺ കാലത്ത്, പൊലീസിന്റെ കണക്കിൽ ഒരൊറ്റ ബ്ലേഡ് പലിശ കേസ് പോലുമില്ല.
കോട്ടയം ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് വ്യാപക പലിശയിടപാട് നടക്കുന്നുവെന്ന് പൊലീസിന് രഹസ്യവിവരം കിട്ടി. ആളെ തപ്പിയിറങ്ങിയ ഉദ്യോഗസ്ഥർ പലിശക്കാരന്റെ രാഷ്ട്രീയ, പൊലീസ് സ്വാധീനമറിഞ്ഞ് ഞെട്ടി. ഒരു ഡിവൈഎസ്പിയുടെ കരുത്തുണ്ട് ഈ പലിശക്കാരന് എന്ന് അടക്കം പറഞ്ഞ് പൊലീസുകാർ തന്നെ ഇട്ട വിളിപ്പേരാണ് ഡെൽറ്റ 4. ഡെൽറ്റ 4 നെ തിരിച്ചറിഞ്ഞതിനൊപ്പം തിരുവനന്തപുരത്ത് അടക്കം ചില ആത്മഹത്യകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കേരളം കണ്ട ഏറ്റവും വലിയ ഓപ്പേറേഷനുകളിൽ ഒന്നിന് കളം ഒരുങ്ങി. ഓപ്പറേഷൻ കുബേര.
2014 മേയിലാണ് ഓപ്പറേഷൻ കുബേരയുടെ തുടക്കം. ഇന്റലിജൻസ് മേധാവി ഹേമചന്ദ്രൻ ഐപിഎസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പലിശക്കാരെ തേടിയിറങ്ങി. സ്കൂൾ ഹെഡ്മാസ്റ്റർ മുതൽ വൻകിട മാഫിയകൾ വരെ പിടിയിലായി. പിന്നെ, ഓപ്പറേഷൻ കുബേരയ്ക്ക് എന്ത് പറ്റി? ഓപ്പറേഷൻ കുബേരയുടെ കണക്കിൽ കേരളത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് ആകെ 3,766 കേസുകൾ മാത്രം. പിടിയിലായത് 3077 പേർ. പിടിച്ചെടുത്തത്, അഞ്ച് കോടി നാല്പത്തി നാല് ലക്ഷം രൂപ. ഏറ്റവും കൂടുതൽ കേസുകളുണ്ടായത് പാലക്കാട്. കൂടുതൽ പണം പിടിച്ചത് എറണാകുളത്ത്.
2019 മുതൽ സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്തത് 225 കേസുകളാണെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകൾ. 1958ലെ പണം കൊടുക്കൽ നിയമവും, 2012ലെ അമിത പലിശ ഈടാക്കൽ നിരോധന നിയമവും അനുസരിച്ചാണ് കേസുകൾ. കോട്ടയത്തും പാലക്കാടുമാണ് കൂടുതൽ കേസുകൾ. ഓപ്പറേഷൻ കുബേരയിലൂടെ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം ഇപ്പോഴും നിയമകുരുക്കിലാണ്.
പരാതിക്കാരെ പേടിപ്പിച്ചും, പണം തിരികെ കൊടുത്തും ചിലർ രക്ഷപ്പെടും. കേസൊക്കെ ഒതുങ്ങിയപ്പോൾ വീണ്ടും സജീവമായവരും നിരവധി. ബ്ലേഡ് മാഫിയയുടെ ഒരു കേസ് പോലും കഴിഞ്ഞ 21 മാസത്തിനിടയിലുണ്ടായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അതായത് ജീവീതവും ജീവനും നഷ്ടപ്പെട്ടവരുടെ ദുരിതങ്ങൾക്ക് നിയമത്തിന് മുന്നിൽ ഉത്തരവാദികളില്ല. കേരളം ഇപ്പോഴും പലിശക്കെണിയിൽ കുരുങ്ങി കിടക്കുന്നത് ഇങ്ങനെയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam