സാരി ഉടുക്കണമെന്ന് നിർബന്ധം പിടിക്കരുത്; അധ്യാപകർക്ക് ഡ്രസ് കോഡില്ലെന്ന് ആവർത്തിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്

Published : Nov 12, 2021, 04:42 PM ISTUpdated : Nov 13, 2021, 10:54 AM IST
സാരി ഉടുക്കണമെന്ന് നിർബന്ധം പിടിക്കരുത്; അധ്യാപകർക്ക് ഡ്രസ് കോഡില്ലെന്ന് ആവർത്തിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്

Synopsis

കാലത്തിന് യോജിക്കാത്ത പിടിവാശികൾ മാനേജ്മെൻ്റും സ്ഥാപനമേധാവികളും അടിച്ചേൽപ്പിക്കരുതെന്നും ഉന്നതവിദ്യാഭ്യാസവകുപ്പ് ജോയിന്റ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 


കോഴിക്കോട്: സംസ്ഥാനത്തെ കോളേജുകളിൽ (College) അധ്യാപകർ ഏത് വസ്ത്രം ധരിക്കണമെന്ന നിബന്ധനയില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ( Higher Education Departmen). ചില  കോളജുകൾ അധ്യാപികമാർക്ക് സാരി ( Sari) നിർബന്ധമാക്കിയത് ചർച്ചാവിഷയമായതിനെ തുടർന്നാണ് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ്. കാലത്തിന് യോജിക്കാത്ത പിടിവാശികൾ മാനേജ്മെൻ്റും സ്ഥാപനമേധാവികളും അടിച്ചേൽപ്പിക്കരുതെന്നും ഉന്നതവിദ്യാഭ്യാസവകുപ്പ് ജോയിന്റ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 

പതിമൂന്ന് വർഷങ്ങൾക്ക് മുമ്പ് തന്നെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപികമാർക്ക് ചുരിദാറോ മറ്റ് വസ്ത്രങ്ങളോ ധരിക്കാമെന്ന് വ്യക്തമാക്കി കേരള സർക്കാർ ഉത്തരവിറക്കിയിരുന്നു. 2008 ഫെബ്രുവരിയിലായിരുന്നു സർക്കാരിന്റെ ഉത്തരവ്. പിന്നീട് ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന പരാതി ഉയർന്നപ്പോൾ 2014ൽ പുതിയ സർക്കുലറും ഇറക്കിയിരുന്നു. അധ്യാപകർക്ക് മേൽ യാതൊരു വിധ ഡ്രസ് കോഡ‍ും അടിച്ചേൽപ്പിക്കരുതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഉത്തരവും സർക്കുലറും. എന്നാൽ ഈ ഉത്തരവുകൾ ഇറങ്ങി വർഷങ്ങളായിട്ടും സാരി അടിച്ചേൽപ്പിക്കുന്ന സ്ഥാപനങ്ങളുണ്ടെന്ന പരാതി വ്യാപകമാണ്. 

സ്വകാര്യ സ്കൂളുകളിൽ അധ്യാപകർക്ക് യൂണിഫോം പോലെ സാരി നിർബന്ധമാക്കുന്നതായി നേരത്തെ തന്നെ പരാതിയുള്ളതാണ്. കൊടുങ്ങല്ലൂരിലെ ഒരു കോളേജിനെതിരെ ഉയർന്ന പരാതിയിന്മേലാണ് ഇപ്പോൾ സർക്കാർ വീണ്ടും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 



വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നാലഞ്ചു ദിവസം മുൻപ് ഒരു യുവ അദ്ധ്യാപിക ഒരു പരാതി രേഖപ്പെടുത്തി സംസാരിച്ചു. ഒരു മാസം മുമ്പ് കൊടുങ്ങല്ലൂരിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ അവർക്ക് നേരിടേണ്ടിവന്ന ഒരനുഭവം പങ്കു വയ്ക്കാനാണ് വിളിച്ചത്. NET ക്ലിയർ ചെയ്തിട്ടുള്ള, MAയും B.Ed-ഉം ഉള്ള ആ അധ്യാപികയ്ക്ക് ജോലി വേണമെങ്കിൽ, എല്ലാ ദിവസവും സാരി ഉടുത്തേ പറ്റൂ എന്നൊരു നിബന്ധന അധികാരികൾ മുന്നോട്ടുവച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്.

ഇക്കാര്യത്തിൽ സർക്കാരിൻ്റെ നിലപാട് പല ആവർത്തി വ്യക്തമാക്കിയിട്ടുള്ളതാണ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒക്കെത്തന്നെ അധ്യാപകർക്ക് ഇഷ്ടമുള്ള, അവർക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. സാരി അടിച്ചേൽപ്പിക്കുന്ന രീതി കേരളത്തിൻ്റെ പുരോഗമന ചിന്താഗതിക്ക് ഉതകുന്നതല്ല.

ഞാനും ഒരു അധ്യാപികയാണ്. കേരള വർമയിൽ പഠിപ്പിച്ചിരുന്ന സമയത്ത് നിരന്തരം ചുരിദാർ ധരിച്ച് പോകുമായിരുന്നു.

ഒരു അധ്യാപികയ്ക്ക് നൂറായിരം കർത്തവ്യങ്ങൾ വഹിക്കേണ്ടതായുണ്ട്. പക്ഷേ അസ്ഥാനത്തുള്ള കാലഹരണപ്പെട്ട ആശയങ്ങളെ മുറുക്കിപ്പിടിച്ച് ജീവിക്കേണ്ട ഒരു സാഹചര്യം ഒരിക്കലും ഈ പട്ടികയിൽ വരില്ല.

വസ്ത്രധാരണ രീതി ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അതിൽ അകാരണമായി ഇടപെടാൻ മറ്റാർക്കും അവകാശമില്ല.

2014ൽ മെയ് 9ന് ഇത് വ്യക്തമാക്കി ഒരു സർക്കുലർ സർക്കാർ പുറത്തിറക്കിയിരുന്നെങ്കിലും ഇപ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പ്രവൃത്തി ആവർത്തിച്ചുവരുന്നതായി അറിയാൻ സാധിച്ചതിനാൽ, വീണ്ടും ഒരു ഉത്തരവ് കൂടി പുറപ്പെടുവിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിനെതിരെ കേസ്
ശബരിമല സ്വർണക്കൊള്ള; പ്രവാസി വ്യവസായിയിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി