
തൃശൂര്‍: തൃശൂരിലെ മറ്റത്തൂരിൽ ഒറ്റച്ചാട്ടത്തിന് കോൺഗ്രസുകാർ ബിജെപിയായെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരുന്നിന് പോലും ഒരാളെ ബാക്കിയാക്കാതെ എല്ലാവരെയും ബിജെപി എടുത്തു. സംഘപരിവാറിന് നിലം ഒരുക്കുന്നത് കോൺഗ്രസാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ട് കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ലിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്
2016-ൽ അരുണാചൽ പ്രദേശിൽ ആകെ 44 കോൺഗ്രസ്സ് എംഎൽഎമാരിൽ മുഖ്യമന്ത്രി ഉൾപ്പെടെ 43 പേരും ഒറ്റരാത്രികൊണ്ട് എൻഡിഎയിലേക്ക് ചാടിയിരുന്നു. ഒരു എംഎൽഎ പോലുമില്ലാതിരുന്ന പുതുച്ചേരിയിൽ കോൺഗ്രസ്സ് അംഗങ്ങളെ ചാക്കിട്ട് 2021-ൽ ബിജെപി അധികാരം പിടിച്ചു. 2019-ൽ ഗോവയിലെ കോൺഗ്രസ്സ് ലെജിസ്ലേറ്റീവ് പാർടി ഒന്നടങ്കം ബിജെപിയിൽ ലയിച്ചു. അതിന്റെയെല്ലാം കേരള മോഡൽ ആണ് മറ്റത്തൂരിലേത്. ആ പഞ്ചായത്തിൽ എൽ ഡി എഫ് പ്രസിഡന്റ് വരുന്നത് തടയാനാണ് കോൺഗ്രസ്സ് നേതാക്കൾ ബിജെപിയോടൊപ്പം പോയത്. അതവർ തുറന്നു പറയുന്നുമുണ്ട്.
ഇപ്പോൾ കോൺഗ്രസ്സിൽ നിൽക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബിജെപി ആകാൻ മടിക്കില്ല എന്നാണ് ഇവിടെ തെളിയുന്നത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസ്സുകാർക്ക് മനസ്സാക്ഷിക്കുത്തില്ല. ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാൽ പോകും എന്ന കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് മറ്റത്തൂരിൽ അനുയായികൾ നടപ്പാക്കിയത്. സംസ്ഥാനത്ത് പലേടത്തും ബിജെപി - കോൺഗ്രസ്സ് അഡ്ജസ്റ്റ്മെന്റ് ഉണ്ട് എന്നത് തദ്ദേശ ഫലത്തിൽ വ്യക്തമാണ്. അതവർ ഒരുമടിയുമില്ലാതെ തുടരുകയാണ്. സ്വയം വിൽക്കാനുള്ള കോൺഗ്രസ്സിന്റെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങൾക്ക് വളമിടുന്നത്.
എല്ലാ ജനവിഭാഗങ്ങളെയും പറ്റിച്ച് അധികാര രാഷ്ട്രീയം കളിക്കാനും സംഘപരിവാറിന് നിലമൊരുക്കാനുമുള്ള രാഷ്ട്രീയ അല്പത്തം സ്വാഭാവികവൽക്കരിക്കാനും വ്യാപിപ്പിക്കാനുമുള്ള കോൺഗ്രസ്സിന്റെ കുടില തന്ത്രങ്ങൾ ഞങ്ങൾ നേരത്തെ തുറന്നു കാട്ടിയതാണ്. മറ്റത്തൂർ മോഡൽ അതിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ്.
കാല്‍ നൂറ്റാണ്ട് ഇടതുമുന്നണി ഭരിച്ച മറ്റത്തൂരില്‍ ഇന്നലെ ഉണ്ടായത് വന്‍ രാഷ്ട്രീയ അട്ടിമറിയായിരുന്നു. കോണ്‍ഗ്രസ് വിമതയെ പ്രസിഡന്‍റാക്കാന്‍ ബിജെപിക്ക് കോണ്‍ഗ്രസ് അംഗങ്ങള്‍ കൈകൊടുത്തു. ബിജെപി അംഗത്തിന്‍റെ പിന്തുണയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചയാള്‍ വൈസ് പ്രസിഡന്‍റാവുകയും ചെയ്തു. കോണ്‍ഗ്രസ് വിമതനെക്കൂട്ടി ഭരണം പിടിക്കാനുള്ള സിപിഎം നീക്കമാണ് ബിജെപിക്ക് കൈകൊടുക്കാന്‍ ഇടയാക്കിയതെന്നാണ് കോണ്‍ഗ്രസ് വിട്ട ഒരുവിഭാഗം മെമ്പര്‍മാര്‍ പറയുന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണയം തൊട്ട് തുടങ്ങിയതാണ് കോണ്‍ഗ്രസിന് പാളിച്ചകള്‍. ജന പിന്തുണയുള്ള കെ ആര്‍ ഔസേപ്പച്ചനും ടെസ്സി കല്ലറയ്ക്കലിനും സീറ്റ് നിഷേധിച്ചു. വിമതരായി മത്സരിച്ച ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും വിജയിച്ചു വന്നതോടെ തിരിച്ചെടുത്തു. ഔസേപ്പച്ചനെ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് നേരിടാമെന്ന് കോണ്‍ഗ്രസ് കരുതിയെങ്കിലും പത്ത് സീറ്റുള്ള ഇടത് മുന്നണി ഔസേപ്പച്ചനെ വരുതിയിലാക്കി. ഇടത് നീക്കം മണത്തറിഞ്ഞ ബിജെപി പഞ്ചായത്ത് അംഗമായ അതുല്‍ കൃഷ്ണയെ മുന്‍ നിര്‍ത്തി മറുപണി തുടങ്ങി. വോട്ടെടുപ്പിനെത്തുന്നതിന് തൊട്ടുമുമ്പ് എട്ട് കോണ്‍ഗ്രസ് അംഗങ്ങളും രാജി വച്ചതോടെ ആസൂത്രണം കൃത്യം. 4 ബിജെപി അംഗങ്ങള്‍ക്കൊപ്പം രാജിവച്ച കോണ്‍ഗ്രസുകാരും വോട്ട് ചെയ്തതോടെ കോണ്‍ഗ്രസ് വിമത ടെസി ജോസ് കല്ലറക്കല്‍ മറ്റത്തൂരില്‍ പ്രസിഡന്‍റായി.പിന്നാലെ പഞ്ചായത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറിയെയും മണ്ഡലം പ്രസിഡന്‍റിനെയും കോണ്‍ഗ്രസ് പുറത്താക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam